ആലപ്പുഴ: കലവൂര്‍ സുഭദ്ര കൊലക്കേസില്‍ പിടിയിലായ പ്രതികളെ ആലപ്പുഴയിലെത്തിച്ചു. കാട്ടൂര്‍ പള്ളിപ്പറമ്പില്‍ മാത്യൂസ് (നിഥിന്‍-33), ഭാര്യ കര്‍ണാടക ഉഡുപ്പി സ്വദേശിനി ശര്‍മിള (30) എന്നിവരെയാണ് ഇന്നലെ മണിപ്പാലില്‍ നിന്ന് പൊലിസ് പിടികൂടിയത്. പ്രതികള്‍ കൊലപാതകം നടത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടിയാണെന്ന് ആലപ്പുഴ എസ്.പി അറിയിച്ചു. കൊലപാതകത്തില്‍ രണ്ട് പേരൊഴികെ മറ്റാര്‍ക്കും പങ്കില്ലെന്നും പൊലിസ് അറിയിച്ചു.
സുഭദ്രയെ കൊച്ചിയില്‍ നിന്ന് കൂട്ടിക്കൊണ്ട് വന്നത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയായിരുന്നുവെന്നും ക്രൂരമായ മര്‍ദ്ദനത്തിന് ശേഷമാണ് സുഭദ്രയെ കൊന്നതെന്നും പ്രതികള്‍ പൊലീസ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികള്‍ അയല്‍സംസ്ഥാനത്തേക്ക് കടന്നുവെന്ന വിവരത്തെ തുടര്‍ന്ന് തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചിരുന്നു. ഉഡുപ്പിയില്‍ നിന്ന് പ്രതികളുടെ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
കാണാതായ കൊച്ചി കടവന്ത്ര ഹാര്‍മണി ഹോംസ് ചക്കാലമഠത്തില്‍ സുഭദ്ര(73)യുടെ മൃതദേഹമാണ് ആലപ്പുഴ കലവൂരിലെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. മാത്യൂസ്-ശര്‍മിള ദമ്പതിമാരാണ് ഈ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. കൊല്ലപ്പെട്ട സുഭദ്രയും ഇടയ്ക്കിടെ ഇവിടെ വരാറുണ്ടായിരുന്നു.
കൊലപാതകം പുറത്തറിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് പ്രതികളെ പിടികൂടിയത്. സ്വര്‍ണത്തിനും പണത്തിനുമായി സുഭദ്രയെ പ്രതികള്‍ കൊലപ്പെടുത്തിയത് ദീര്‍ഘമായ ആസൂത്രണത്തിന് ശേഷമാണെന്നാണ് പൊലിസ് പറയുന്നത്. സ്വര്‍ണം വിറ്റത് മംഗളൂരുവിലും ആലപ്പുഴയിലുമുള്ള ജ്വല്ലറികളിലാണ്. ആലപ്പുഴയിലെ ജ്വല്ലറിയില്‍നിന്ന് 27,000 രൂപ മാത്യൂസിന്റെ ഗൂഗിള്‍ പേ നമ്പരിലേക്കു വന്നതായി പൊലിസ് കണ്ടെത്തിയിരുന്നു.
അതിക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങളാണ് സുഭദ്രയുടെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളത്. ഇരുവശത്തെയും വാരിയെല്ലുകള്‍ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. കഴുത്തിലെ അസ്ഥികള്‍ക്ക് പൊട്ടലുണ്ട്. ഇടതു കൈ ഒടിച്ച് പിന്നിലേക്ക് വലിച്ചു കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കൈ ഒടിച്ചത് കൊലപാതക ശേഷം ആകാമെന്നാണ് നിഗമനം.
സുഭദ്രയെ കാണാനില്ലെന്നുകാട്ടി മകന്‍ രാധാകൃഷ്ണന്‍ ഓഗസ്റ്റ് നാലിന് കടവന്ത്ര പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഫോണ്‍രേഖകള്‍ പരിശോധിച്ചപ്പോള്‍ സുഭദ്ര ഒടുവില്‍ വിളിച്ചത് മാത്യൂസിനെയാണെന്നു വ്യക്തമായി. അവസാന ഫോണ്‍ ലൊക്കേഷന്‍ കലവൂരിലാണെന്നതും സംശയത്തിനിടയാക്കി. ഇതു ചോദിച്ചറിയുന്നതിനായി മാത്യൂസിനോട് മണ്ണഞ്ചേരി സ്റ്റേഷനിലെത്താന്‍ പൊലിസ് ഓഗസ്റ്റ് 10-ന് ആവശ്യപ്പെട്ടിരുന്നു. ഇതോടെ മാത്യൂസും ശര്‍മിളയും ഫോണ്‍ ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. പിന്നാലെ ഇവരുടെ വാടക വീട്ടില്‍ പൊലിസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.