Wednesday, January 22, 2025
General

തന്തൈ പെരിയാർ സ്മാരകം നാടിന് സമർപ്പിച്ച് സ്റ്റാലിനും പിണറായിയും


കോട്ടയം : തമിഴ്നാട് സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനം. തന്തൈ പെരിയാറിന്റെ നവീകരിച്ച സ്മാരകം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് നാടിന് സമർപ്പിച്ചു. സ്മാരകത്തിൽ ഇരുനേതാക്കന്മാരും പുഷ്പാർച്ചന നടത്തി. നവീകരിച്ച സ്മാരകത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ഇരു നേതാക്കന്മാരും പെരിയാർ മ്യൂസിയത്തിൽ സന്ദർശനം നടത്തി.

തമിഴ്നാട്ടിൽ നിന്നും ദ്രാവിഡ കഴകം അധ്യക്ഷൻ കെ വീരമണി തമിഴ്നാട് മന്ത്രിമാരായ ദുരൈ മുരുഗൻ, ഇ വി വേലു, എംപി സ്വാമിനാഥൻ, വിസികെ അധ്യക്ഷൻ തീരുമാവളവൻ എം പി, കേരള മന്ത്രിമാരായ സജി ചെറിയാൻ, വി എൻ വാസവൻ, ഫ്രാൻസിസ് ജോർജ് എം പി, സി കെ ആശ എം എൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

വൈക്കം വലിയ കവലയിൽ 84 സെന്റിലാണ് തന്തൈ പെരിയാർ സ്മാരകം സ്ഥിതി ചെയ്യുന്നത്. പെരിയാറിന്റെ പ്രതിമ, മ്യൂസിയം, ലൈബ്രറി എന്നിവയാണ് ഇവിടെയുള്ളത്.

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനായി 2023 ഏപ്രിൽ 1 ന് ഇരു മുഖ്യമന്ത്രിമാരും വൈക്കത്ത് എത്തിയിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തി വൈക്കം സത്യഗ്രഹത്തിന്റെ മുന്നണിപ്പോരാളിയായ സാമൂഹിക പരിഷ്കർത്താവും ദ്രാവിഡ രാഷ്ട്രീയ ആചാര്യനുമായ തന്തൈ പെരിയാറിന്റെ സ്മാരകം നവീകരിക്കുമെന്ന് 2023 ലെ ഉദ്ഘാടന വേദിയിലാണ് സ്റ്റാലിൻ പ്രഖ്യാപിച്ചത്.

വൈക്കം സത്യഗ്രഹത്തിൽ നിർണായക പങ്ക് വഹിച്ചയാളാണ് തന്തൈ പെരിയാർ. ടി കെ മാധവനും കെ പി കേശവമേനോനും ബാരിസ്റ്റർ ജോർജ് ജോസഫും അടക്കമുള്ള മുൻനിര നേതാക്കൾ അറസ്റ്റിലായപ്പോൾ തന്തൈ പെരിയാറായിരുന്നു വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നൽകിയത്.


Reporter
the authorReporter

Leave a Reply