Friday, December 6, 2024
GeneralHealthLatest

ഫയലുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക യജ്ഞം; പൂഴ്ത്തിവെക്കുന്നവര്‍ക്ക്‌ എതിരെ നടപടി എടുക്കുമെന്ന് വീണാ ജോര്‍ജ്


സ്ത്രീകളേയും കുട്ടികളേയും സംബന്ധിച്ചുള്ള ഫയലുകള്‍ ബോധപൂര്‍വം പൂഴ്ത്തിവെക്കുന്നവര്‍ക്ക്‌ എതിരെ നടപടി എടുക്കുമെന്ന് ആരോഗ്യ- വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഫയലുകള്‍ പൂഴ്ത്തിവെച്ചാല്‍ അവര്‍ കാരണം ബോധിപ്പിക്കണം. പൂഴ്ത്തിവെക്കുന്നവര്‍ക്കെതിരെ ജില്ലാതല ഓഫീസുകളില്‍ തന്നെ നടപടി സ്വീകരിക്കാവുന്നതാണ് എന്നും മന്ത്രി പറഞ്ഞു. വനിത ശിശുവികസന വകുപ്പിന് കീഴിലെ സ്ഥാപനങ്ങളിലുള്ള ഫയലുകള്‍ മാര്‍ച്ച് എട്ടിനുള്ളില്‍ തീര്‍പ്പാക്കുന്നതിന് വേണ്ടി സെക്രട്ടേറിയറ്റില്‍ സംഘടിപ്പിച്ച പ്രത്യേക യജ്ഞത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഫയലുകള്‍ എല്ലാം പെട്ടെന്ന് തീര്‍പ്പാക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്തമാണ്. ഫയലുകളുടെ കാര്യത്തില്‍ വളരെ ആദ്രതയോടെയുള്ള സമീപനം സ്വീകരിക്കണം എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വനിത ശിശുവികസന ഡയറക്ടറുമായും സെക്രട്ടേറിയറ്റുമായും ബന്ധപ്പെട്ടുള്ള ഫയലുകള്‍ കൈകാര്യം ചെയ്യാന്‍ ലെയ്സണ്‍ ഓഫീസറുണ്ടാകും എന്നും വീണാ ജോര്‍ജ് അറിയിച്ചു.

വനിത ശിശുവികസന വകുപ്പിന് കീഴിലെ വനിത കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍, വനിത വികസന കോര്‍പ്പറേഷന്‍, ജെന്‍ഡര്‍ പാര്‍ക്ക്, ശിശുക്ഷേമ സമിതി, വിവിധ ഹോമുകള്‍, നിര്‍ഭയ സെല്‍ എന്നിങ്ങനെയുള്ള സ്ഥാപനങ്ങളില്‍ തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകള്‍ അടിയന്തരമായി തീര്‍പ്പാക്കുക എന്നതാണ് പ്രത്യേക യജ്ഞത്തിന്റെ ലക്ഷ്യം. മാര്‍ച്ച് 8ന് ഉളളില്‍ ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായുള്ള ശ്രമങ്ങള്‍ കഴിഞ്ഞ മാസമാണ് ആരംഭിച്ചത്.

വനിത ശിശുവികസന വകുപ്പില്‍ താരതമ്യേന കുറച്ച് ഫയലുകളാണ് തീര്‍പ്പാക്കാനായുള്ളത്. 2,000 ഓളം ഫയലുകളും 200 ഓളം റിപ്പോര്‍ട്ടുകളും തീര്‍പ്പാക്കാനുണ്ട്. സമയബന്ധിതമായി ഓരോ ഫയലും തീര്‍പ്പാക്കണം എന്നും വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


Reporter
the authorReporter

Leave a Reply