കോഴിക്കോട്: ലൈംഗികാതിക്ര പരാതികളിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങ് എംപിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്, നീതിക്കായി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന വനിതാ ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഐവൈഎഫ്
പ്രതിഷേധ രാവ് സംഘടിപ്പിച്ചു.
കോഴിക്കോട് കിഡ്സൺ കോർണറിൽ നടന്ന പരിപാടി എഐവൈഎഫ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ വനിതാ ഗുസ്തി താരങ്ങൾ ബിജെപിയുടെ ഭരണത്തിൻ കീഴിൽ തെരുവിൽ അപമാനിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗുസ്തി താരങ്ങളുടെ പരാതിയിൽ ബ്രിജ് ഭൂഷണെതിരെ നടപടി സ്വീകരിക്കണം. ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്ന കേന്ദ്ര ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നയത്തിനെതിരെ
രാജ്യത്തെ സ്നേഹിക്കുന്ന മുഴുവനാളുകളും പ്രതിഷേധിക്കണം. സ്ത്രീ സുരക്ഷയെ കുറിച്ച് വാ തോരാതെ സംസാരിയ്ക്കുന്ന പ്രധാനമന്ത്രി സ്ത്രീ പീഢകകരെ സംരക്ഷിക്കുന്ന നിലപാടാണ് എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എഐവൈഎഫ് സിറ്റി മണ്ഡലം പ്രസിഡന്റ് കെ സുജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ: കെ പി ബിനൂപ്, എഐഎസ്എഫ് സംസ്ഥാന ജോ: സെക്രട്ടറി സി കെ ബിജിത്ത് ലാൽ, എൻ അനുശ്രീ, എ ടി റിയാസ് അഹമ്മദ്, ധനേഷ് കാരയാട്, ദിലീപ് അടിവാരം പ്രസംഗിച്ചു.













