കോഴിക്കോട്: വയനാട്ടിലെ ദുരന്ത ഭൂമിയിലെ ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയ സൈനികർക്ക് മനസ്സുനൽകി നഗരം സ്വീകരിച്ചു. തോക്കുപിടിച്ച് ശീലമുള്ള കരങ്ങൾ നാടിന്റെ രക്ഷാകരങ്ങളായി മാറിയതറിഞ്ഞവരാണ് സൈനികരെ നേരിൽക്കണ്ട് സ്നേഹാദരമർപ്പിക്കാൻ വെസ്റ്റ്ഹില്ലിലെ ബാരക്കിനു സമീപമെത്തിയത്. 122 ഇൻഫൻട്രി ബറ്റാലിയൻ ടെറിട്ടോറിയൽ ആർമിയിലെ സൈനികർക്കു വെസ്റ്റ്ഹിൽ പി.ഡബ്ല്യു.ഡി ഗെസ്റ്റ് ഹൗസിനു സമീപത്തായിരുന്നു സ്വീകരണം നൽകിയത്.
അമയ വരുണിന്റെ നേതൃത്വത്തിലുള്ള ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂൾ ബാൻഡ് സംഘത്തിന്റെ അകമ്പടിയോടെ പൂക്കൾ വിതറിയും പോളിടെക്നിക് കോളജ് വിദ്യാർഥികൾ, റോളർ സ്കേറ്റിങ് താരങ്ങളായ മെഹ് ലിൻ മെഹ് വിഷ്, മഹ്ബിൻ മെഹ്നസ് തുടങ്ങിയവർ ദേശീയപതാക വീശിയും ദേശഭക്തിഗാനം ബാൻഡ് സെറ്റിൽ വായിച്ചും സൈനികരെ സ്വീകരിച്ചാനയിച്ചു.
ലഫ്റ്റനന്റ് കേണൽ മയാംഗെ ദവെയുടെ നേതൃത്വത്തിലുള്ള സൈനികരെ മേയർ ബീന ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷ സി.രേഖ, കൗൺസിലർമാരായ സി.എസ്. സത്യഭാമ, ടി. മുരളീധരൻ, എൻ. ശിവപ്രസാദ്, പ്രസീന പണ്ടാരത്തിൽ, വരുൺ ഭാസ്കർ തുടങ്ങിയവരും നാട്ടുകാരും വിദ്യാർഥികളും ചേർന്ന് സ്വീകരിച്ചു. ദൗത്യ നിർവഹണം കഴിഞ്ഞെത്തിയ സൈനികരെ ബറ്റാലിയൻ കമാൻഡിങ് ഓഫിസർ നവീൻ ബഞ്ചിത്ത് ബാരക്സ് ആസ്ഥാനത്തേക്ക് സ്വീകരിച്ചു. മരണമുനമ്പുകളെ നേരിട്ട നിരവധിയനുഭവങ്ങളുള്ള തങ്ങൾക്ക് വയനാടൻ ദുരന്താനുഭവങ്ങൾ തീർത്തും ആദ്യത്തേതുകൂടിയായിരുന്നുവെന്ന് തിരിച്ചെത്തിയ സേനാംഗങ്ങൾ പറഞ്ഞു.