തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏഴുവയസ്സുകാരന്‍റെ ജീവിതം തിരിച്ചുപിടിക്കാന്‍ ജനങ്ങള്‍ നാളെ കൈകോര്‍ക്കുന്നു. അപൂര്‍വ രക്താര്‍ബുദരോഗം സ്ഥിരീകരിച്ച ശ്രീനന്ദന് രക്തമൂലകോശ ദാതാവിനെ കണ്ടെത്താനുള്ള പരിശോധനാ ക്യാമ്പ് നാളെ രാവിലെ 9 മുതല്‍ 6 വരെ എകെജി സെന്‍ററിനടുത്തുള്ള ഹസ്സന്‍മരയ്ക്കാര്‍ ഹാളില്‍ നടക്കും. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനാളുകളുടെ ഡോണേഴ്സ് പട്ടിക പരിശോധിച്ചിട്ടും ശ്രീനന്ദന് സാമ്യമുള്ളത് കിട്ടാതായതോടെ പരിശോധനാ ക്യാമ്പ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ഓടിച്ചാടി കളിച്ച് ചിരിച്ച് നടന്ന ശ്രീനന്ദനെ അപൂര്‍വ രക്താര്‍ബുദം കാര്‍ന്നുതിന്നുന്ന കാര്യം വീട്ടുകാരറിയുന്നത് രണ്ട് മാസം മുമ്പ്. എന്നാല്‍ ഇനി ശ്രീനന്ദന്‍റെ കളി ചിരികള്‍ തിരിച്ചുകിട്ടണമെങ്കില്‍ രക്തമൂല കോശം മാറ്റിവെയ്ക്കണം. രക്തമൂലകോശദാനത്തിന് 95 ശതമാനമെങ്കിലും ജനിതക സാമ്യം വേണം. ഏറെ സാധ്യതയുള്ള ബന്ധുക്കളെയെല്ലാം പരിശോധിച്ചു. കിട്ടിയില്ല. കേരളത്തില്‍ ലഭ്യമായ ആറരലക്ഷം പേരുടെ ബ്ലഡ് സ്റ്റെം രജിസ്ട്രി പരിശോധിച്ചിട്ടും ആരുമുണ്ടായില്ല. രാജ്യത്തും രാജ്യത്തിന് പുറത്തുമുള്ള ഡോണേഴ്സ് ലിസ്റ്റിലും ശ്രീനന്ദന് യോജിച്ചത് കിട്ടാതായതോടെയാണ് ഇങ്ങനെയൊരു ശ്രമം.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ജര്‍മനിയില്‍ നിന്ന് ഒരാള്‍ വന്ന് രക്തമൂല കോശം ദാനം ചെയ്ത് പോയി. അവനിന്ന് ആരോഗ്യത്തോടെ ജീവിക്കുന്നു. ശ്രീലങ്കയിലെ ഒരു ഡോക്ടര്‍ ഇതിനിടെ കൊച്ചിയിലെത്തി ദാനം ചെയ്തു. ശ്രീനന്ദനും അതുപോലെ ഒരു രക്ഷകനുണ്ടാകുമെന്ന് ഇവര്‍ ഉറച്ച് വിശ്വസിക്കുന്നു. തിരുവനന്തപുരത്ത് ഉള്ള 15 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളും പുരുഷന്‍മാരും പരമാവധി പേര്‍ ഹസന്‍ മരയ്ക്കാര്‍ ഹാളിലെത്തി പരിശോധനയ്ക്കായി ഒരു തുള്ളി ഉമിനീര്‍ കൊടുക്കണം. ചിലപ്പോള്‍ ശ്രീനന്ദനെന്ന കൊച്ചുമിടുക്കന്‍റെ ചിരി എന്നെന്നും നിലനിര്‍ത്താന്‍ കഴിയുന്ന ആള്‍ നിങ്ങളാണെങ്കിലോ.