General

ആമയിഴഞ്ചാന്‍ തോടില്‍ കാണാതായ തൊഴിലാളിക്കായി തെരച്ചില്‍ രണ്ടാം ദിനം


തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിക്കായുള്ള തെരച്ചില്‍ രണ്ടാം ദിനത്തിലേക്ക്. എന്‍.ഡി.ആര്‍.എഫ് ആണ് ഇന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. രോബോട്ടിക് യന്ത്രവും തുരങ്കത്തില്‍ ഇറങ്ങുന്നുണ്ട്. മാലിന്യം മാറ്റാനാണ് റോബോട്ടിക് യന്ത്രം. ടണലിനുള്ളില്‍ മാലിന്യം തിങ്ങിനിറഞ്ഞതിനാല്‍ തോട്ടിലെ ടണലിനുള്‍ഭാഗത്തേക്ക് പ്രവേശിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായിരുന്നില്ല.

ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ കാണാതായ മാരായമുട്ടം സ്വദേശി ജോയിക്ക് വേണ്ടി ഇന്നലെ രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് തെരച്ചില്‍ ഇന്ന് രാവിലേയ്ക്ക് നീട്ടുകയായിരുന്നു. രാത്രി തെരച്ചില്‍ നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് എന്‍.ഡി.ആര്‍.എഫ് അറിയിച്ചതോടെയാണ് തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിയത്. ജോയിയെ കാണാതായ ആമയിഴഞ്ചാന്‍ തോടിന്റെ ഭാഗത്തുതന്നെ ഞായറാഴ്ച തെരച്ചില്‍ ആരംഭിക്കാനാണ് എന്‍ഡിആര്‍എഫ് സംഘത്തിന്റെ തീരുമാനം.

റെയില്‍വേയിലെ ചില കരാറുകാരാണ് മാരായമുട്ടം സ്വദേശിയായ ജോയി എന്ന ക്രിസ്റ്റഫറിനെ ജോലിക്കായി കൊണ്ടുപോയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാരായമുട്ടം വടകരയില്‍ അമ്മയ്‌ക്കൊപ്പമാണ് അവിവാഹിതനായ ജോയിയുടെ താമസം. നാട്ടില്‍ ആക്രിസാധനങ്ങള്‍ ശേഖരിച്ചുവില്‍ക്കുന്ന ജോലിയായിരുന്നു ജോയി ചെയ്തിരുന്നത്.

അതേസമയം, ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ പ്രശ്‌നം ദീര്‍ഘകാലമായി സജീവ ചര്‍ച്ചായാണെങ്കിലും ഇപ്പോഴത്തെ ദുരന്തത്തില്‍ പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് അധികൃതര്‍.


Reporter
the authorReporter

Leave a Reply