Wednesday, December 4, 2024
GeneralTourism

ടൂറിസം വികസനത്തിന് കരുത്തേകി ജലവിമാനം, മാട്ടുപ്പെട്ടി ഡാമിൽ ലാൻഡിംഗ്


കൊച്ചി: സംസ്ഥാനത്തിന്‍റെ ടൂറിസം സ്വപ്നങ്ങൾക്ക് പുതിയ വേഗം നൽകി ജലവിമാനം കൊച്ചിയിൽ നിന്ന് പറയുന്നുയര്‍ന്നു. ടൂറിസം വികസനത്തിന് കരുത്തേകി ബോൾഗാട്ടിയില്‍ നിന്ന് പറയുന്നയര്‍ന്ന സീപ്ലെയിന്‍റെ ലാൻഡിംഗ് മാട്ടുപ്പെട്ടി ഡാമിലാണ്. മന്ത്രിമാരായ മുഹമ്മദ്‌ റിയാസ്, പി രാജീവ്‌, വി ശിവൻകുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടര്‍ന്ന് മന്ത്രിമാരും സീപ്ലെയിനില്‍ യാത്ര ചെയ്തു. ജനസാന്ദ്രത സംസ്ഥാന വികസനത്തിന്‌ ഒരു തടസമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

സ്ഥലം ഏറ്റെടുപ്പ് വെല്ലുവിളിയാണ്. ഉൾപ്രദേശങ്ങളിലെ ടൂറിസ്റ്റ് മേഖലയിൽ എത്തിപെടുക വെല്ലുവിളിയാണ്. സീ പ്ലെയിൻ കൊണ്ട് ഈ പരിമിതി മറികടക്കാൻ പറ്റുമെന്നും റിയാസ് പറഞ്ഞു. സമീപ ഭാവിയിൽത്തന്നെ സീ പ്ലെയിനുകൾ അവതരപ്പിക്കാൻ കഴിയുമോ എന്നാണ് സംസ്ഥാന സർക്കാർ ഉറ്റുനോക്കുന്നത്. മൈസുരുവിൽ നിന്ന് ഇന്നലെയാണ് ജലവിമാനം കൊച്ചിയിലെത്തിയത്. കനേഡിയൻ കമ്പനിയുടെ ജലവിമാനമാണ് എത്തിയിരിക്കുന്നത്.

ടൂറിസത്തിനു പുറമേ മെഡിക്കൽ ആവശ്യങ്ങൾക്കും വിഐപികൾക്കും ഉദ്യോഗസ്ഥ൪ക്കും അവശ്യഘട്ടങ്ങളിൽ സഞ്ചരിക്കാനും അടിയന്തര ഘട്ടങ്ങളിൽ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും സീ പ്ലെയിൻ പ്രയോജനപ്പെടുത്താം. ടൂറിസം ഓപ്പറേറ്റ൪മാരെയും ജനങ്ങളെയും പദ്ധതിയുടെ സാധ്യത ബോധ്യപ്പെടുത്തുന്ന ഡെമോ സ൪വീസ് മാത്രമാണ് ഇപ്പോൾ നടക്കുന്നത്. റീജിയണൽ കണക്ടിവിറ്റി സ്കീമിന്റെ ഭാഗമായാണ് പദ്ധതി. ആന്ധ്രപ്രദേശിലെ പ്രകാശം ബാരേജിൽ ശനിയാഴ്ച (നവംബ൪ 9) ഉദ്ഘാടനം ചെയ്യപ്പെട്ട ആംഫീബിയസ് എയ൪ക്രാഫ്റ്റാണ് (കരയിലും വെള്ളത്തിലും ഇറങ്ങുന്ന വിമാനം) കേരളത്തിലെത്തിയത്.

കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീ പ്ലെയിനുകൾ. വലിയ ജനാലകൾ ഉള്ളതിനാൽ കാഴ്ചകൾ നന്നായി കാണാനാകും. മൂന്നാറിന്റെയും പശ്ചിമഘട്ടത്തിന്റെയും ആകാശക്കാഴ്ചകളിലൂടെയുള്ള സഞ്ചാരം യാത്രികർക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക. എയർ സ്ട്രിപ്പുകൾ നിർമ്മിച്ച് പരിപാലിക്കുന്നതിനുള്ള വലിയ ചെലവ് ഒഴിവാകുന്നുവെന്നതും ജലവിമാനങ്ങളുടെ ആകർഷണീയതയാണ്. ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്പുഴ, ആലപ്പുഴയിലെ വേമ്പനാട്ട്, കായൽ കൊല്ലം അഷ്ടമുടിക്കായൽ, കാസർകോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്ത് കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും , വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിൻ ടൂറിസം സർക്യൂട്ട് രൂപപ്പെടുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്.


Reporter
the authorReporter

Leave a Reply