കോഴിക്കോട്: പൊതുപ്രവര്‍ത്തനം കേവലം രാഷ്ട്രീയപ്രവര്‍ത്തനമല്ലെന്നും അത്തരം ധാരണതിരുത്തണമെന്നും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. ഹൃദയത്തിന്റെ ഭാഷയില്‍ സംവേദിക്കുന്നവരാകണം പൊതുപ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു. സതീഷ് കുറ്റിയില്‍ മെമ്മോറിയല്‍ പ്രഥമസേവാ പുരസ്‌കാരം അഡ്വ.വി.കെ. സജീവന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചട്ടക്കൂടിനെ ലംഘിക്കാതെ അതിനപ്പുറം വളരാന്‍ കഴിഞ്ഞതാണ് സജീവന് പുരസ്‌കാരലബ്ധിക്ക് ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പൊതുപ്രവര്‍ത്തകര്‍ ഹൃദയംകൊണ്ട് സംസാരിക്കുമ്പോള്‍ അവരുടെ ചക്രവാള സീമകള്‍ വിപുലമാകുമെന്നും അദ്ദേഹം പറഞ്ഞു. സതീഷ് കുറ്റിയിലിന്റെ മകന്‍ ഷാരോ സതീഷ് രചിച്ച കാന്‍സര്‍-0 നിര്‍വാണ-1 എന്ന പുസ്തകം മാതൃഭൂമി ചെയര്‍മാന്‍ പി.വി.ചന്ദ്രന് നല്‍കി ശ്രീധരന്‍ പിള്ള പ്രകാശനം ചെയ്തു.
സി.ഇ ചാക്കുണ്ണി അധ്യക്ഷനായ ചടങ്ങില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ആമുഖ പ്രഭാഷണം നടത്തി. ജന്‍മഭൂമി ഡപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ പുസ്തക പരിചയം നടത്തി. ഷാരോ സതീഷ്, സൈറ സതീഷ്, പ്രശാന്ത് ആർക്കിടെക്ട്, കെ.എം.ബഷീർ, കുറ്റിയിൽ സുഗുണേഷ്, മഞ്ജു ഹരി, ഡോ.ബ്രിട്ടോ സതീഷ് എന്നിവര്‍ പ്രസംഗിച്ചു. വി.കെ.സജീവന്‍ മറുമൊഴി നല്‍കി.