തിരുവനന്തപുരം: കെ റെയിലില്‍ പ്രതിസന്ധികള്‍ ഇതുവരെ തീര്‍ന്നില്ല. ബ്രോഡ്‌ഗേജ് അടക്കമുള്ള നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തനാകില്ലെന്നും റെയില്‍വേ. രണ്ടാംഘട്ടവും സംസ്ഥാന സര്‍ക്കാര്‍ മന്ത്രാലയവുമായി നടത്തിയ ചര്‍ച്ച പുരോഗതി കണ്ടില്ല. സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട നിലപാട് മാറ്റാന്‍ തയാറാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റെയില്‍വേ. ഇനി സംസ്ഥാന സര്‍ക്കാരാണ് ബദല്‍ നിര്‍ദേശം ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത്. ഇന്നലെ നടന്ന രണ്ടാം ഘട്ട ചര്‍ച്ചയിലും റെയില്‍വേ നേരത്തേ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ തന്നെ ആവര്‍ത്തിക്കുകയായിരുന്നു.
അര്‍ധ അതിവേഗ പാതയെന്ന സില്‍വര്‍ലൈന്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാനാവില്ലെന്ന വാദം ആവര്‍ത്തിക്കുകയാണ് കെയില്‍ വൃത്തങ്ങള്‍. ലക്ഷ്യമിടുന്നത്ര വേഗം ബ്രോഡ്‌ഗേജില്‍ സാധ്യമാകില്ലെന്നാണ് സൂചിപ്പിക്കുന്നത്. ചരക്ക് ട്രെയിനുകള്‍ ഈ പാതയിലേക്ക് അനുവദിച്ചാല്‍ യാത്രട്രെയിനുകളുടെ വേഗത കുറയുകയും ചെയ്യും. ഡിപിആറില്‍ മുന്നോട്ടുവച്ച കാര്യങ്ങളൊക്കെ ഇതിനാല്‍ തടസമാകും.
നിലവിലെ സ്ഥിതിയില്‍ കെറെയിലിനു തീരുമാനം എടുക്കാനാവില്ലെന്നും ഇനി സര്‍ക്കാരിന്റെ തീരുമാനത്തെ ആശ്രയിച്ചു മാത്രമായിരിക്കും പദ്ധതിയുടെ മുന്നോട്ടുള്ള പോക്ക്.
ബ്രോഡ്‌ഗേജ്, സ്റ്റാന്‍ഡേര്‍ഡ് ഗേജ് തര്‍ക്കത്തിനപ്പുറമുള്ള കാര്യങ്ങളും റെയില്‍ വേ ആവശ്യപ്പെടുകയും ഇതുമായുള്ള വാദങ്ങളും യോഗത്തില്‍ അവതരിപ്പിച്ചിരുന്നു. 2018ലെ ഇന്ത്യന്‍ റെയില്‍വേയുടെ വേഗനയത്തില്‍ 160 കി.മീറ്റര്‍ വേഗതയുള്ള പാതകള്‍ ഡെഡിക്കേറ്റഡ് റൂട്ടുകളാകണമെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സില്‍വര്‍ലൈന്‍ ഡിപിആര്‍ രൂപീകരിച്ചതെന്നും കെ റെയില്‍ മറുപടി നല്‍കി.
ഈ നയമനുസരിച്ച് ഡല്‍ഹി-മീററ്റ് പാത കമ്മീഷന്‍ ചെയ്ത കാര്യവും ഓര്‍മിപ്പിച്ചു.മാത്രമല്ല മുംബൈ – അഹമ്മദാബാദ് -ഡല്‍ഹി ഡെഡിക്കേറ്റഡ് പാതയുമുണ്ടെന്നും സൂചിപ്പിക്കുകയും ചെയ്തു. ഇവര്‍ക്കെല്ലാം അനുവദിച്ചതുപോലെ സില്‍വര്‍ലൈനിനും അനുകൂലമായ നിലപാട് തന്നെ സ്വീകരിക്കണമെന്നും കെ റെയില്‍ ആവശ്യപ്പെട്ടു.