GeneralLatest

പ്രൊഫഷണല്‍ മാജിക് ഷോകള്‍ നിര്‍ത്തുന്നു: ഗോപിനാഥ് മുതുകാട്

Nano News

പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകള്‍ നിര്‍ത്തുന്നു. നാലര പതിറ്റാണ്ട് പിന്നിട്ട പ്രൊഫഷണല്‍ മാജിക് ജീവിതമാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്. ഇനി പ്രൊഫഷ്ണല്‍ മാജിക് ഷോകള്‍ ഉണ്ടാവില്ലെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഒരു മാജിക് ഷോ പൂര്‍ണതയില്‍ എത്തിക്കാന്‍ നീണ്ട ഗവേഷണവും പരിശ്രമവും ആവശ്യമാണ്. എന്നാല്‍ ഇപ്പോള്‍ അതിനുള്ള സമയമില്ല. കുറേക്കാലങ്ങളായി പലയിടത്തും പ്രതിഫലം വാങ്ങി ഷോ നടത്തിയിട്ടുണ്ട്. ഇനി അത് പൂര്‍ണമായി നിര്‍ത്തുകയാണെന്നും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി അന്താരാഷ്ട്ര നിലവാരമുള്ള അക്കാദമി സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക് വേണ്ടി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, സ്‌കില്‍ സെന്റര്‍ എന്നീ സംവിധാനങ്ങള്‍ ഒരുക്കുകയാണ് തന്റെ സ്വപ്നമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

ഏഴാമത്തെ വയസിലാണ് മാജിക് പഠിച്ചത്. പത്താം വയസില്‍ ആദ്യത്തെ ഷോ ചെയ്തു. അന്നുതൊട്ട് ഇതുവരെ 45വര്‍ഷത്തോളം പ്രൊഫഷണല്‍ മാജിക് ഷോ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഭിന്നശേഷിക്കാരായ മൂന്ന് ലക്ഷം കുട്ടികളുണ്ട്. അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോളാണ് ജീവിതത്തിന് അർത്ഥം തോന്നുന്നത് എന്നും മുതുകാട് പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രി കെ.കെ. ശൈലജയുടെ സഹകരണത്തോടെ ഭിന്നശേഷിക്കാരായ കുട്ടികളെ മാജിക് പഠിപ്പിക്കാനുള്ള ദൗത്യം ഗോപിനാഥ് മുതുകാട് ഏറ്റെടുത്തിരുന്നു. പിന്നീട് അത് വന്‍ വിജയമായി മാറുകയും ഏറെ പ്രശംസ നേടുകയും ചെയ്തു. നാല് വര്‍ഷമായി അദ്ദേഹം ഈ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.

അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനായ ഗോപിനാഥ് മുതുകാട് കേരളത്തിലും വിദേശത്തുമായി നിരവധി വേദികളില്‍ അദ്ദേഹം മായാജാലത്തിന്റെ വിരുന്നൊരുക്കി കാണികളെ വിസ്മയിപ്പിച്ചു. ആര്‍ക്കും മാജിക് പഠിക്കാനാവുമെന്ന നിലയില്‍ മാജിക്കിന്റെ പ്രചാരകനുമായി മാറി.


Reporter
the authorReporter

Leave a Reply