കോഴിക്കോട്: പുതിയ ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച്, മുഴുവൻ ജനവിഭാഗങ്ങളെയും ചേർത്തുപിടിച്ച് മുന്നോട്ട് പോകുന്ന എൽ ഡി എഫ് സർക്കാറിന് അഭിവാദ്യം അർപ്പിച്ച് സിപിഐ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പൊതുയോഗം സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു. ക്ഷേമ പദ്ധതികളെ എതിർക്കുന്ന യുഡിഎഫ് സ്വയം അപഹാസ്യരാവുമെന്ന് അദ്ദേഹം പറഞ്ഞു.
അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിച്ചുകൊണ്ട് കേന്ദ്ര സർക്കാർ കേരളത്തെ ശ്വാസം മുട്ടിക്കുമ്പോൾ തന്നെയാണ് ക്ഷേമ പെൻഷൻ വർധിപ്പിച്ചും സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചും എൽഡിഎഫ് സർക്കാർ അടിസ്ഥാന ജനവിഭാഗത്തെ ഒപ്പം ചേർക്കുന്നത്. എന്നാലിതിനെ രാഷ്ട്രീയമായി എതിർക്കുന്ന യുഡിഎഫ് നിലപാട് അപഹാസ്യമാണ്. ജനപക്ഷ നിലപാടുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. അതിനെ എതിർക്കുമ്പോൾ സ്വയം അപഹാസ്യരാവുകയാണെന്ന് യുഡിഎഫ് തിരിച്ചറിയണം. റബർ താങ്ങുവില വർധിപ്പിച്ചും ആശ, അങ്കണവാടി പ്രവർത്തകരുടെ വേതനം വർധിപ്പിച്ചും നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിലെ പെൻഷൻ കുടിശ്ശിക കൊടുത്തു തീർത്തും സർക്കാർ മുന്നോട്ട് പോകുമ്പോൾ മുഖം തിരിഞ്ഞു നിൽക്കുന്നത് ആർക്കും ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. പി അസീസ് ബാബു അധ്യക്ഷത വഹിച്ചു. എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി പി കെ നാസർ, എം കെ പ്രജോഷ് എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് ഒ പ്രശാന്ത്, അഡ്വ എ കെ സുകുമാരൻ, പി പ്രേംകുമാർ, ഇ രമേശൻ, കെ സുജിത്ത്, യു സതിശൻ, പി വിശ്വംഭരൻ, ടി എം സജീന്ദ്രൻ, എം മുഹമ്മദ് ബഷീർ എന്നിവർ നേതൃത്വം നൽകി.
 
















