കൊച്ചി: റബറുല്‍പാദക സംഘങ്ങളുടെ കൂട്ടായ പരിശ്രമം വിജയിച്ചപ്പോള്‍ 200 കടന്ന് റബര്‍ വില. റബറിന്റെ വില കുത്തനെ ഇടിഞ്ഞതോടെയുണ്ടായ പ്രതിസന്ധി മറികടക്കാനായി കേരളത്തിലെ റബര്‍ കര്‍ഷകരുടെ പ്രാദേശിക കൂട്ടായ്മകളായ സംഘങ്ങളാണ് നിര്‍ണായക തീരുമാനവുമായി രംഗത്തിറങ്ങിയത്.
200 രൂപയില്‍ താഴ്ത്തി റബര്‍ ഷീറ്റ് വില്‍ക്കില്ലെന്ന ഉറച്ച നിലപാടാണ് കര്‍ഷകര്‍ക്ക് ഗുണകരമായ സാഹചര്യമുണ്ടാകാന്‍ കാരണമായത്. ഇതോടെ വിപണിയില്‍ ഷീറ്റ് ലഭ്യത വന്‍തോതില്‍ കുറഞ്ഞതോടെയാണ് ആഭ്യന്തര വിപണിയില്‍ വില 200 കടന്നത്.
ഉല്‍പാദന സീസണായ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ആഭ്യന്തര വിപണിയില്‍ നിന്ന് റബര്‍ വാങ്ങുന്നതില്‍ നിന്ന് ടയര്‍ കമ്പനികള്‍ പിന്‍വാങ്ങുന്നത് പതിവായിരുന്നു. ഈ സാഹചര്യത്തിലും വിപണിയില്‍ റബര്‍ വില്‍ക്കുന്നത് കര്‍ഷകര്‍ തുടരുന്നത് മൂലം വിലയിടിവുണ്ടാകുന്നതും മുന്‍കാലങ്ങളില്‍ പതിവായിരുന്നു. അടുത്തിടെ റബറിന് 177 രൂപ വരെ വില താഴ്ന്നിരുന്നു.
115ലേക്ക് താഴ്ന്ന ഒട്ടുപാല്‍ വില 140 രൂപ വരെയെത്തിയതും കര്‍ഷകര്‍ക്ക് ആശ്വാസമായി. ടയര്‍ കമ്പനി ലോബിയുടെ ഇടപെടല്‍ മൂലമാണ് വില കുത്തനെ ഇടിഞ്ഞതെന്ന് തിരിച്ചറിഞ്ഞാണ് റബറുല്‍പാദക സംഘങ്ങള്‍ കൂട്ടായ തീരുമാനവുമായി രംഗത്തുവന്നത്. മാറിയ സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ ഷീറ്റിന്റെ വില വര്‍ധിക്കുമെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയും റബര്‍ ഉല്‍പാദനത്തിന് അനുകൂല ഘടകമാവുകയാണ്. നല്ല മഴ കിട്ടിയതോടെ റബര്‍ കൃഷിക്കാവശ്യമായ വെള്ളം സുലഭമായി. സാധാരണഗതിയില്‍ ജനുവരിയോടെ അവസാനിപ്പിക്കേണ്ടിയിരുന്ന റബര്‍ ടാപ്പിങ് ജലലഭ്യത ഉറപ്പായതോടെ ഫെബ്രുവരി അവസാനം വരെ തുടരാന്‍ കര്‍ഷകര്‍ക്ക് കഴിയും. ഉല്‍പാദനം വര്‍ധിച്ചാലും വിലയിടിവ് ഭീഷണിയില്ലാത്തത് റബര്‍ മേഖലയ്ക്ക് പുതിയ ഉണര്‍വായിരിക്കുകയാണ്.