General

ഉത്ര കൊലക്കേസ് പ്രതിയുടെ തട്ടിപ്പ് പൊളിച്ച് ജയിൽ അധികൃതര്‍, അമ്മയും കുടുങ്ങും


തിരുവനന്തപുരം:വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര അടിയന്തര പരോളിന് ശ്രമിച്ച് ഉത്ര കൊലക്കേസ് പ്രതി സൂരജ്. അച്ഛന് ഗുരുതര അസുഖമെന്ന് പറഞ്ഞ് പരോളിന് ശ്രമിച്ചു. സൂരജിന്‍റെ തട്ടിപ്പ് പൊളിച്ച് ജയിൽ അധികൃതർ. സംഭവത്തിൽ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന്‍റെ പരാതിയിൽ പൂജപ്പുര പൊലീസ് കേസെടുത്തു. മെഡിക്കൽ സർട്ടിഫിക്കറ്റിലെ ക്രമക്കേട് ജയിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയതോടെ ആണ് സൂരജിന്‍റെ കള്ളം പൊളിഞ്ഞത്.

ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് സൂരജിന് ജീവപര്യന്തം കഠിന തടവാണ് കോടതി വിധിച്ചത്. 2021 ഒക്ടോബർ 13നാണ് കോടതി 17 വർഷം തടവും, ശേഷം കഠിന തടവും വിധിച്ചത്. പൂ‍ജപ്പുര സെൻട്രൽ ജയിലിലാണ് സൂരജ് ശിക്ഷ അനുഭവിക്കുന്നത്. പരോളിന് സൂരജ് അപേക്ഷ നൽകിയെങ്കിലും തള്ളിയിരുന്നു. ഇതിനിടെയാണ് അച്ഛന് ഗുരുതരമായ രോഗമാണെന്നും പരോള്‍ വേണമെന്നും ആവശ്യപ്പെട്ട് സൂപ്രണ്ടിന് അപേക്ഷ നൽകുന്നത്.

ഡോക്ടർ സർട്ടിഫിക്കറ്റിൽ അച്ഛന് ഗുരുതര രോഗമാണെന്ന് രേഖപ്പെടുത്തി. സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടറോട് തന്നെ ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ കൂടുതൽ കാര്യങ്ങള്‍ ശേഖരിച്ചു. സൂപ്രണ്ടിന് ലഭിച്ച സർട്ടിഫിക്കറ്റും അയച്ചു നൽകി. സർട്ടിഫിക്കറ്റ് നൽകിയത് താനാണെങ്കിലും അതിൽ ഗുരുതര അസുഖമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി.

വ്യാജ രേഖയാണെന്ന് വ്യക്തമായതോടെ സൂരജിനെതിരെ സൂപ്രണ്ട് പൂജപ്പുര പൊലീസിൽ പരാതി നൽകി. ഡോക്ടർ സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷം അതിൽ ഗുരുതര രോഗമെന്ന് എഴുതി ചേർത്തതെന്നാണ് കണ്ടെത്തൽ. പുറത്തു നിന്നുള്ള ആരോ ആണ് വ്യാജരേഖയുണ്ടാക്കിയതെന്നാണ് വിവരം. അമ്മയായിരുന്നു സർട്ടിഫക്കറ്റ് ഹാജരാക്കിയത്. സൂരജിനെയും അമ്മയെയും ചോദ്യം ചെയ്യും. ഒപ്പം സൂരജിനെ സഹായിച്ചവരെയും ഇനി കണ്ടെത്തണം. പൊലീസ് അന്വേഷണത്തിനാണ് ഗൂഡാലോചന വ്യക്തമാകേണ്ടത്. പരോള്‍ സംഘടിപ്പിക്കാൻ വ്യാജ രേഖകളുണ്ടാക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്ന സംശയുമുണ്ട്.


Reporter
the authorReporter

Leave a Reply