Saturday, November 23, 2024
Politics

പി.വി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു


കൊച്ചി: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലിസ്. ചേലക്കര താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നാരോപിച്ചാണ് കേസ്. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഇന്നലെ ചേലക്കര താലൂക്ക് ആശുപത്രിയിലെത്തി പി വി അന്‍വറും പ്രവര്‍ത്തകരും ഡോക്ടര്‍മാരടക്കം ആരോഗ്യ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ പരാതി. ഇന്നലെ രാവിലെ 9.30നാണ് അന്‍വറും കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി എന്‍ കെ സുധീറും സംഘം ചേര്‍ന്ന് താലൂക്ക് ആശുപത്രിയിലെത്തിയത്.

ചേലക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോട്, രോഗികളും മറ്റുള്ളവരും നോക്കിനില്‍ക്കെ അപമര്യാദയായി പെരുമാറുകയും ഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് പരാതി. പിവിഅന്‍വറിനെതിരെ ആശുപത്രി സംരക്ഷണ നിയമമനുസരിച്ച് കേസ് എടുക്കണമെന്ന് ഐഎംഎയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് ചേലക്കര പൊലീസ് കേസെടുത്തത്.

രോഗികളുടെ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതിനാല്‍ ഡോക്ടറുടെ പരിശോധനാ മുറിയില്‍ വിഡിയോ ചിത്രീകരണം പാടില്ലെന്നിരിക്കേ, എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം ഡോക്ടറെ അപമാനിക്കുന്ന രീതിയില്‍ വിഡിയോ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നും കെജിഎംഒഎ പറഞ്ഞു.

ദിവസേന 700 ഓളം രോഗികള്‍ വരുന്ന ചേലക്കര താലൂക്ക് ആശുപത്രിയില്‍ ഇപ്പോഴും ആനുപാതികമായി ഡോക്ടര്‍മാര്‍ ഇല്ല എന്നതാണ് വസ്തുത. രണ്ട് ഗൈനക്കോളജിസ്റ്റുണ്ടെങ്കിലും അനസ്തെറ്റിസ്റ്റിന്റെ പോസ്റ്റില്ല, കാഷ്വല്‍റ്റി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കാഷ്വാല്‍റ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തികകളില്ല. ഇത്രയും പരിമിതികള്‍ക്കിടയിലും ദിവസേന 700 ഓളം രോഗികള്‍ക്ക് സേവനം ചെയ്യുന്ന ഡോക്ടര്‍മാരെ പൊതുജനമധ്യത്തില്‍ അകാരണമായി ആക്ഷേപിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ശക്തമായ പ്രതിഷേധ നടപടികളിലേക്ക് കടക്കുമെന്നും കെജിഎംഒഎ. തൃശ്ശൂര്‍ ജില്ലാ നേതൃത്വം പറഞ്ഞു.


Reporter
the authorReporter

Leave a Reply