കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിലെ കോഴിക്കോട് കോര്‍പ്പറേഷൻ്റെ അക്കൗണ്ടുകളിൽ നിന്നും പണം തട്ടിയ സംഭവത്തിൽ കോര്‍പ്പറേഷൻ കൗണ്‍സിലിൽ പ്രതിപക്ഷ പ്രതിഷേധം. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും അടിയന്തരപ്രമേയത്തിന് അനുമതി തേടിയെങ്കിലും മേയര്‍ ഇത് തള്ളി. ഇതിനു ശേഷവും പ്രതിഷേധം തുടര്‍ന്ന 15 യുഡിഎഫ് കൗണ്‍സിലര്‍മാരെ മേയര്‍ ബീന ഫിലിപ്പ് സസ്പെൻഡ് ചെയ്തു. തുടര്‍ന്ന് കൗണ്‍സിൽ യോഗം പിരിഞ്ഞു,
ഇന്നത്തെ കോര്‍പ്പറേഷൻ കൗണ്‍സിൽ യോഗം തുടങ്ങിയപ്പോൾ തന്നെ കോൺഗ്രസ് അംഗം മൊയ്തീൻ കോയ , ബിജെപി അംഗം റിനീഷ് എന്നിവര്‍ പിഎൻബി ബാങ്ക് തട്ടിപ്പിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നൽകിയിരുന്നു.
എന്നാൽ അക്കൗണ്ട് തട്ടിപ്പിലൂടെ കോഴിക്കോട് കോര്‍പ്പറേഷന് നഷ്ടപ്പെട്ട പണം പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും തിരികെ ലഭിച്ചെന്നും ഇനി ഈ തുകയുടെ പലിശ മാത്രമാണ് ലഭിക്കാൻ ബാക്കിയുള്ളതെന്നും മേയര്‍ പറഞ്ഞു. ഈ പലിശ തുക തരാൻ ആവശ്യപ്പെട്ട് ബാങ്കിന് കത്ത് നൽകിയിരുന്നുവെന്നും പലിശ നൽകാമെന്ന് ബാങ്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും മേയര്‍ വ്യക്തമാക്കി.
വിശദീകരണം നൽകിയ ശേഷം പ്രമേയത്തിന് അടിയന്തര സ്വഭാവം ഇല്ലെന്നും അതിനാൽ അനുമതി നിഷേധിക്കുന്നുവെന്നും മേയര്‍ അറിയിച്ചു. എന്നാൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം കടുപ്പിച്ചതോടെ കൗണ്‍സിൽ നടപടികൾ മേയര്‍ അൽപസമയത്തേക്ക് നിര്‍ത്തിവച്ചു. എന്നാൽ മേയര്‍ തിരിച്ചെത്തിയപ്പോഴും യുഡിഎഫ് അംഗങ്ങൾ മുദ്രാവാക്യം വിളിയുമായി പ്രതിഷേധം തുടര്‍ന്നു.
ഇതോടെ സഭാ ചട്ടം ലംഘിച്ചതിന് പ്രതിപക്ഷ നേതാവ് ശോഭിത കെ.സി. ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുത്ത കൗൺസിലർമാരെ സസ്‌പെന്റ് ചെയ്തതായി മേയർ ബീന ഫിലിപ്പ് പ്രഖ്യാപിച്ചു. പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ നിശ്ചയിച്ച അജണ്ട പാസാക്കി കൗൺസിൽ പിരിയുകയും ചെയ്തു. ഇതോടെ യുഡിഎഫ് അംഗങ്ങൾ കൗണ്‍സിൽ ഹാളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബിജെപി അംഗങ്ങൾ കൗണ്‍സിൽ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോകുകയും ചെയ്തു.
ബാങ്ക് തട്ടിപ്പിൽ പ്രതിഷേധ സൂചകമായി തലയിൽ കറുപ്പ് റിബൺ കെട്ടിയാണ് കോൺഗ്രസ് അംഗങ്ങൾ ഇന്നത്തെ കൗൺസിൽ യോഗത്തിന് എത്തിയത്. ബാങ്ക് തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ബാനറുമായി ആണ് യുഡിഎഫ് അംഗങ്ങൾ കൗണ്‍സിൽ യോഗത്തിന് എത്തിയത്.