കോഴിക്കോട്: കോവിഡിന്റെ വകഭേദമായ ഒമിക്രോൺ ലോകത്ത് പല ഭാഗങ്ങളിലായി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലും ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ . ഉമ്മർ ഫാറൂഖ് അറിയിച്ചു. കോവിഡ് പ്രതിരോധത്തിനായി നാം പാലിച്ചു വരുന്ന ശീലങ്ങൾ കൂടുതൽ കർശനമായി പാലിക്കേണ്ട സമയമാണിത്. മാസ്ക് വായയും മൂക്കും മറയും വിധം ശരിയായി ധരിക്കുക, ആൾക്കൂട്ടമുണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക, ആളുകൾ തമ്മിൽ 2 മീറ്റർ അകലം പാലിക്കുക , കൈകൾ ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് അണു വിമുക്തമാക്കുക എന്നിവ വിട്ടുവീഴ്ച വരുത്താതെ എല്ലാവരും പാലിക്കണം. കോവിഡ് പ്രതിരോധ വാക്സിൻ എടുക്കാൻ ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് വാക്സിനെടുത്ത് സുരക്ഷിതരാകണം. രണ്ടാം ഡോസെടുക്കാൻ സമയമായവർ കൃത്യമായ ഇടവേളയിൽ അതു കൂടി എടുത്ത് വാക്സിനേഷൻ പൂർത്തീകരിക്കണം. കോവിഷീൽഡ് വാക്സിനെടുത്ത് 84 ദിവസത്തിനു ശേഷവും കോവാക്സിൻ 28 ദിവസത്തിനു ശേഷവും രണ്ടാം ഡോസെടുക്കാം. കോവി ഡ് പോസിറ്റീവായവർ രോഗം ഭേദമായി മൂന്ന് മാസത്തിനു ശേഷം വാക്സിനെടുക്കണം. ജില്ലയെ കോവിഡ് മുക്തമാക്കുന്നതിന് എല്ലാവരുടെയും പിന്തുണയും സഹകരണവുമുണ്ടാകണമെന്ന് ഡി എം ഒ അഭ്യർത്ഥിച്ചു.