Friday, December 27, 2024
LatestPolitics

തണ്ണീര്‍ത്തടം നികത്തിയവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രയോഗിക്കണം;അഡ്വ.വി.കെ.സജീവന്‍


കോഴിക്കോട്: ദേശീയപാത വീതികൂട്ടുന്നതിന്‍റെ മറവില്‍ തണ്ണീര്‍ത്തട പട്ടികയില്‍പ്പെട്ടതും,ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ടതുമായ നിലങ്ങള്‍ നികത്തുന്നതിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും,നിലം നികത്തുന്നതിനായ് മണ്ണിട്ടവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പനുസരിച്ച് കേസെടുക്കാനും നികത്തിയ മണ്ണ് നീക്കം ചെയ്യാനുളള നഷ്ടപരിഹാരം ഈടാക്കാനും അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ വാർത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.പാച്ചാക്കില്‍ ഭാഗത്ത് നീരൊഴുക്ക് തടയുന്ന രീതിയില്‍ മണ്ണിട്ട് നികത്തിയത് ശ്രദ്ധയില്‍പ്പെടുത്തിയിട്ട്  ഒരുമാസം കഴിഞ്ഞിട്ടും അത് നീക്കം ചെയ്യുന്നതിനാവശ്യമായ നടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല.കോഴിക്കോട് താലൂക്കില്‍ മലാപ്പറമ്പ് മുതല്‍ രാമനാട്ടുകര വരെ ഇത്തരത്തില്‍ വ്യാപകമായി നിലംനികത്തല്‍ ശ്രമം നടക്കുന്നുണ്ട്.പാച്ചാക്കിലും,പന്തീരാങ്കാവിലും ബിജെപി പ്രവര്‍ത്തകരാണ് ഇത്തരം നീക്കങ്ങള്‍ തടഞ്ഞ് വാഹനങ്ങള്‍ തിരിച്ചയച്ചത്.ദേശീയപാത വീതി കൂട്ടുന്നതിന്‍റെ മറവില്‍ കല്‍വെര്‍ട്ടുകളും,നീരൊഴുക്കും തടസ്സമാവുന്ന തരത്തിലുളള ഇത്തരം നിലം നികത്തലുകള്‍ മഴക്കാലത്ത് വെളളപ്പൊക്കവും,വേനലില്‍ വരൾച്ചയും ഉണ്ടാക്കി പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.അത് തിരിച്ചറിഞ്ഞാണ് പ്രദേശവാസികള്‍ സമരത്തിനിറങ്ങിയത്.ഭൂമാഫിയയോടൊപ്പം അന്തിയുറങ്ങുകയും പ്രദേശവാസികളോടൊപ്പം സമരത്തിനിറങ്ങുകയും ചെയ്യുന്ന സിപിഎം നിലപാട് വിലപ്പോവില്ല.ഭരണപക്ഷ-ഉദ്യോഗസ്ഥ- ഭൂമാഫിയ ഒത്തുകളിയാണ് ഇതിന് പിന്നില്‍ നടക്കുന്നത്.അത് കൊണ്ടാണ് നടപടികള്‍ വൈകുന്നതെന്നും വി.കെ സജീവന്‍ കുറ്റപ്പെടുത്തി.
ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി, വൈസ് പ്രസിഡൻറ് ഹരിദാസ് പൊക്കിണാരി, കോർപ്പറേഷൻ ചേവരമ്പലം കൗൺസിലർ സരിത പറയേരി എന്നിവർ മാരാർജി ഭവനിൽ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Reporter
the authorReporter

Leave a Reply