General

നെന്മാറ ഇരട്ടക്കൊലപാതകം: പ്രതിക്കായി കോഴിക്കോട് കൂടരഞ്ഞി മാതാ ക്വാറിയില്‍ തെരച്ചില്‍


കോഴിക്കോട്: നെന്മാറ കൊലക്കേസ് പ്രതി ചെന്താമരയ്ക്കായുള്ള അന്വേഷണം കോഴിക്കോട്ടേക്കും. ഒരു മാസം മുന്‍പ് ചെന്താമര ജോലി ചെയ്തിരുന്ന കൂടരഞ്ഞി മാതാ ക്വാറിയില്‍ തിരുവമ്പാടി പൊലിസ് തെരച്ചില്‍ നടത്തുന്നു.

പ്രതിയുടെ മൊബൈല്‍ ഫോണുകളില്‍ ഒന്നിന്റെ ടവര്‍ ലൊക്കേഷന്‍ തിരുവമ്പാടിയില്‍ കാണിച്ചിരുന്നു. പിന്നാലെയാണ് അന്വേഷണം കോഴിക്കോട്ടേക്കും വ്യാപിപ്പിച്ചത്. കഴിഞ്ഞ ദിവസവും വ്യാപക പരിശോധനകള്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ സാധിക്കുന്ന തരത്തിലുള്ള സൂചനകളൊന്നും ലഭിച്ചിരുന്നില്ല.

അതേസമയം കേസില്‍ നെന്മാറ എസ്എച്ച്ഒ എം മഹേന്ദ്ര സിംഹന് പിഴവ് സംഭവിച്ചെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി. ഉത്തരമേഖലാ ഐജിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് എസ്എച്ച്ഒയുടെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയത്. കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചതറിഞ്ഞിട്ടും കോടതിയെ അറിയിച്ചില്ലെന്നതാണ് പ്രധാന പിഴവായി ചൂണ്ടിക്കാട്ടുന്നത്. നെന്മാറയില്‍ കടക്കാന്‍ വിലക്കുണ്ടായിരുന്നിട്ടും ഈ വിലക്ക് ലംഘിച്ച് ഒരു മാസം പ്രതി നെന്മാറയില്‍ താമസിച്ചുവെന്ന് എസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

5 വര്‍ഷം മുമ്പാണ് ചെന്താമരയ്ക്ക് കൊല്ലപ്പെട്ടവരുടെ കുടുംബത്തോടുള്ള പകയും വൈരാഗ്യവും തുടങ്ങിയത്. 2019 ല്‍ സജിതയെ കൊലപ്പെടുത്തിയിട്ടും കലിയടങ്ങാതെ പ്രതി കഴിഞ്ഞ ദിവസം ഭര്‍ത്താവ് സുധാകരനെയും ഭര്‍തൃമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട ലക്ഷ്മിയുടെ ദേഹത്ത് 12 മാരകമായ മുറിവുകളുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. സുധാകരന്റെ ശരീരത്തിലും ആഴത്തിലുള്ള മുറിവുകളുണ്ട്.


Reporter
the authorReporter

Leave a Reply