Saturday, November 23, 2024
Politics

തെരഞ്ഞെടുപ്പ് നേരിടാൻ എന്‍ഡിഎ സുസജ്ജം: കോഴിക്കോടും താമരവിരിയും; എംടി രമേഷ്


കോഴിക്കോട്: രാജ്യം മോദി ഗ്യാരന്റിയില്‍ ഹാട്രിക്കിന് ഒരുങ്ങുമ്പോള്‍ കേരളം പങ്കാളിയാകുമെന്ന് കോഴിക്കോട് മണ്ഡലം എൻ ഡി എ സ്ഥാനാര്‍ത്ഥി എംടി രമേശ് ആവര്‍ത്തിച്ചു. കോഴിക്കോട് ഉള്‍പ്പെടെ സംസ്ഥാനത്ത് നിരവധി മണ്ഡലങ്ങളില്‍ എന്‍ ഡി എ വിജയിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നെങ്കിലും മാസങ്ങള്‍ക്കു മുന്‍പുതന്നെ എന്‍ ഡി എ കര്‍മ്മരംഗത്ത് ഉണ്ടായിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ കേരളപദയാത്രയോടെ നഗരവും ഗ്രാമവും ഒരുപോലെ പ്രവര്‍ത്തനസജ്ജമായി. പടിപടിയായ പ്രവര്‍ത്തനം കാഴ്ചവച്ചു. ബൂത്തുതലത്തിലും വീടുകള്‍ കയറിയും നേരത്തെ തന്നെ കര്‍മരംഗത്ത് ഉണ്ടായിരുന്നു.

കാലത്തിന്റെ ചുമരെഴുത്ത് എന്‍ ഡി എയ്ക്ക് അനുകൂലമാകുമെന്ന സന്ദേശം നല്‍കി പ്രകാശ് ജാവദേക്കര്‍ ചുമരെഴുത്ത് പ്രചരണം ഉദ്ഘാടനം ചെയ്തു. എങ്ങും പ്രവര്‍ത്തകരില്‍ നവോന്‍മേഷം ഉണ്ടായി. മോദി ഗ്യാരന്റിയില്‍ വിശ്വസിച്ച് ഇടതുവലതു മുന്നണികളില്‍ നിന്ന് ബിജെപിയിലേക്ക് നേതാക്കളും പ്രവര്‍ത്തകരും എത്തി. കോണ്‍ഗ്രസ് പാളയങ്ങളെ ഞെട്ടിച്ചുകൊണ്ട് മുന്‍മുഖ്യമന്ത്രി കെ.കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലെത്തിയത് ദേശീയതലത്തില്‍ കോണ്‍ഗ്രസില്‍ ഉലച്ചിലുണ്ടാക്കി. ഇനിയും ഒട്ടേറെ നേതാക്കളും അണികളും ഇരുമുന്നണിയില്‍ നിന്നും ബിജെപിയില്‍ എത്തും. എന്‍ ഡി എയുടെ മുന്നേറ്റം തീവ്രവാദശക്തികളെ വിറളിപിടിപ്പിച്ചു.

ജമാഅത്തെ ഇസ്‌ളാമിയും പോപ്പുലര്‍ ഫ്രണ്ട് സ്ലീപ്പര്‍സെല്ലും എസ്ഡിപിഐയും ചേര്‍ന്ന് സംസ്ഥാനത്ത് മതവര്‍ഗീയ കണ്‍സോര്‍ഷ്യം രൂപീകരിച്ച് ഇരുമുന്നണികളെ സഹായിക്കാന്‍ തയ്യാറെടുപ്പ് നടത്തുകയാണ്. മോദി ഗാരന്റിയില്‍ വിശ്വസിക്കുന്ന ദേശീയശക്തിയും തീവ്രവാദികളോട് കൂട്ടുചേര്‍ന്ന ദേശവിരുദ്ധ ശക്തിയും തമ്മിലാണ് പോരാട്ടം. കേരളത്തിനുവേണ്ടി ശബ്ദമുയര്‍ത്താത്ത കാലഹരണപ്പെട്ടവരെയല്ല, വികസനശബ്ദം ഉയര്‍ത്തുന്ന യുവത്വങ്ങളാണ് ഇനി വരേണ്ടത്. എന്‍ ഡി എ ജയിച്ചാല്‍ കേന്ദ്രത്തിന്റെ പ്രത്യേകപരിഗണ സംസ്ഥാനത്തിന് ലഭിക്കും. രാജ്യസുരക്ഷയ്ക്കും നാടിന്റെ വികസനത്തിനും എന്‍ ഡി എ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണെമന്നും എംടി രമേഷ് ആവശ്യപ്പെട്ടു.


Reporter
the authorReporter

Leave a Reply