കൽപ്പറ്റ: പഴശ്ശി രാജാവിൻറെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ച നടത്തിയാണ് മാനന്തവാടിയിൽ എൻഡിഎ ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി നവ്യ ഹരിദാസ് ഇന്നലെ പര്യടനം ആരംഭിച്ചത്. അധിനിവേശത്തിനെതിരെ പടപൊരുതിയ വീരപഴശ്ശി വയനാട്ടിലെ ജനങ്ങൾക്ക് എന്നും മാതൃകയും, ആവേശവുമാണെന്ന് സ്ഥാനാർത്ഥി അഭിപ്രായപ്പെട്ടു. വയനാടിനെ കൊള്ളയടിക്കുന്നവർക്കെതിരെ ജാഗ്രതയോടെ നിലകൊള്ളണമെന്നും, അതിന് പഴശ്ശിരാജാവിന്റെ പോരാട്ടം പ്രചോദനമാവണമെന്നും നവ്യാ ഹരിദാസ് ഓർമിപ്പിച്ചു.
പ്രധാനമായും കുറിച്യ കോളനികളും, കുറിച്ച്യ തറവാടുകളും സന്ദർശിച്ചു കൊണ്ടായിരുന്നു മാനന്തവാടി മണ്ഡലത്തിലെ സ്ഥാനാർത്ഥിയുടെ പര്യടനം.
കുറിച്യരുടെ പ്രധാനപ്പെട്ട ആഘോഷമായ തുലാം പത്തിനോട് സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ കോളനി മൂപ്പന്മാർ സ്ഥാനാർത്ഥിയോട് പരാതി പറഞ്ഞു. തുലാം പത്ത് ആചാരവുമായി ബന്ധപ്പെട്ട്, കുറിച്യ വിഭാഗത്തിന്റെ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന നായാട്ടിന് സർക്കാർ അനുമതി നിഷേധിച്ചത് പ്രതിഷേധാർഹമാണെന്നും, കോളനി വാസികൾ സ്ഥാനാർത്ഥിയെ അറിയിച്ചു. കാട്ടിൽ നിന്നും നാട്ടിലേക്ക് വന്യ മൃഗങ്ങൾ ഇറങ്ങുന്നത് തടയാനും, വന്യ മൃഗങ്ങളെ വനാന്തരങ്ങളിലേക്ക് ഓടിക്കുന്നതിനും ഇത്തരം നായാട്ടുകൾക്ക്, സാധിച്ചിരുന്നുവെന്നും കോളനി മൂപ്പന്മാർ ചൂണ്ടിക്കാട്ടി.
മാനന്തവാടി- ചുരുളിയിൽ സന്ദർശനം നടത്തിയ സ്ഥാനാർത്ഥിയോട് കോളനി വേണ്ടി സുരേഷ് ഗോപി എംപി റോഡ് നിർമ്മിച്ചു നൽകിയതിലുള്ള സന്തോഷം പങ്കിട്ടു. വയനാട്ടിലെ എംപിക്ക് വയനാടൻ ജനതയുടെ കാര്യത്തിൽ ശ്രദ്ധയില്ലെന്ന് പറഞ്ഞ നവ്യ ഹരിദാസ്, ഒരു എംപി വിചാരിച്ചാൽ റോഡ് വിഷയത്തിൽ എളുപ്പത്തിൽ പരിഹാരം കാണാൻ സാധിക്കുമെന്നതിൻ്റെ ഉദാഹരണമാണ് സുരേഷ് ഗോപിയുടെ ഇടപെടലെന്നും കോളനിവാസികളെ ഓർമിപ്പിച്ചു.
മാതാ അമൃതാനന്ദമയി മഠത്തിൽ സന്ദർശനം നടത്തിയ സ്ഥാനാർത്ഥിക്ക് മഠത്തിലെ അന്തേവാസികൾ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.
മാനന്തവാടി ബിഷപ്പ് ഹൗസിൽ സന്ദർശനം നടത്തി സ്ഥാനാർത്ഥി ബിഷപ്പിന്റെ അനുഗ്രഹം തേടി
കാട്ടിക്കുളം ജയ് മാത സെമിനാരിയിൽ സന്ദർശനം നടത്തിയ സ്ഥാനാർഥി സെമിനാരിയിലെ വിദ്യാർത്ഥികളുമായി സംവദിച്ചു. നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കി വരുന്ന സ്കിൽ ഡെവലപ്മെന്റ് , മേക് ഇൻ ഇന്ത്യ, സ്റ്റാർട്ടപ്പ് പദ്ധതികൾ തുടങ്ങിയവയെക്കുറിച്ച് നവ്യ ഹരിദാസ് വിദ്യാർത്ഥികൾക്കു മുമ്പിൽ വിശദീകരിച്ചു.
മാനന്തവാടിയിലെ പ്രധാനപ്പെട്ട കുറിച്യ തടവാടിലും, കോളനികളിലുമായിരുന്നു സ്ഥാനാർത്ഥി പ്രചരണത്തിന്റെ ഭൂരിഭാഗം സമയവും ചെലവിട്ടത്.
സ്ഥാനാർഥിക്കൊപ്പം ബി.ജെ.പി.മുൻ ജില്ല പ്രസിഡൻ്റ് സജി ശങ്കർ, എസ്.ടി.മോർച്ച സംസ്ഥാന പ്രസിഡൻ്റ് മുകുന്ദൻ പള്ളിയറ, ജില്ലാ സെക്രട്ടറി സിന്ധു അയിരു വീട്ടിൽ, മണ്ഡല പ്രസിഡൻ്റ് മാരായ കണ്ണൻ കണിയാരം, കെ.പി.പ്രജീഷ്, നേതാക്കളായ ഗിരീഷ്, ജിതിൻ ബാനു, ജോർജ്ജു മാസ്റ്റർ, ഗണേഷ് ചുരുളി എന്നിവർ അനുഗമിച്ചു.