Politics

വിജയത്തിന്റെ ചരിത്രവുമായി നവ്യഹരിദാസ്


കോഴിക്കോട്: കോര്‍പ്പറേഷനിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ 300 വോട്ടിന്റെ മാത്രം ബലത്തില്‍ തെരഞ്ഞെടുപ്പിനിറങ്ങി ഇരുമുന്നണികളെയും ഞെട്ടിച്ച് വിജയം നേടുകയും പിന്നീട് ഡിവിഷന്‍ ബിജെപിയുടെ കുത്തകയാക്കുകയും ചെയ്ത ചരിത്രവുമായാണ് മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി നവ്യ ഹരിദാസ് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാനിറങ്ങുന്നത്. 2015 ല്‍ ഹൈദരാബാദിലെ എച്ച്എസ്ബിസിയില്‍ നിന്ന് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജോലി രാജിവെച്ചാണ് കാരപ്പറമ്പ് വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നവ്യ മത്സരിക്കാനിറങ്ങിയത്. നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയം അടിത്തട്ടിലെത്തിക്കാനുള്ള തീവ്രയത്‌നത്തില്‍ ഏറെ വിജയിച്ച കോര്‍പ്പറേഷന്‍ ബിജെപി കൗണ്‍സില്‍ പാര്‍ട്ടി നേതാവിനെത്തന്നെ വയനാട് പോരാട്ടത്തിന് ബിജെപി രംഗത്തിറക്കിയിരിക്കുന്നു.


തൊണ്ടയാട് ചിന്മയ വിദ്യാലയത്തില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം, കെഎംസിടി എഞ്ചിനീയറിംങ് കോളേജില്‍ നിന്നാണ് നവ്യ ബിടെക് ബിരുദം നേടിയത്. ബാലഗോകുലം പ്രവര്‍ത്തനത്തിലൂടെയാണ് നവ്യഹരിദാസ് പൊതുപ്രവര്‍ത്തനരംഗത്തിറങ്ങിയത്.
കാരപ്പറമ്പ് ഝാന്‍സി ബാലഗോകുലം രക്ഷാധികാരി,ഭഗിനിപ്രമുഖ് തുടങ്ങിയ ചുമതലകള്‍ വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015 ലും 2020 ലും കോര്‍പ്പറേഷന്‍ കാരപ്പറമ്പ് ഡിവിഷനില്‍ നിന്ന് രണ്ടു തവണ മത്സരിച്ചു വിജയിച്ചു. 2021 ല്‍ കോഴിക്കോട് സൗത്ത് നിയോജകമണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ശക്തമായ ത്രികോണ മത്സരത്തില്‍ 20.84 ശതമാനം വോട്ട് നേടുകയും ചെയ്തു.
ഭര്‍ത്താവ് ശോഭിന്‍ ശ്യാം സിംഗപ്പൂരില്‍ മറൈന്‍ എഞ്ചിനീയറാണ്. മക്കളായ സ്വാതിക് ശോഭിന്‍ (ഒമ്പതാം ക്ലാസ്), ഇഷാന ശോഭിന്‍ (മൂന്നാം ക്ലാസ്) എന്നിവര്‍ മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളാണ്. കാരപ്പറമ്പ് തുളുവത്ത് ഹരിദാസന്റെയും ശകുന്തളയുടെയും രണ്ടാമത്തെ മകളാണ്.


Reporter
the authorReporter

Leave a Reply