ബത്തേരി : വയനാട്ടിലെ വികസന പ്രശ്നങ്ങളിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക വദ്രയെ വെല്ലുവിളിച്ച് വയനാട് ലോകസഭാ മണ്ഡലം എൻ ഡിഎ സ്ഥാനാർത്ഥി നവ്യഹരിദാസ് . വയനാട് റെയിൽ പാത, മെഡിക്കൽ കോളേജ്, ഗോത്ര സമൂഹത്തിന്റെ പ്രശ്നം, വിദ്യാഭ്യാസ പ്രശ്നം, രാത്രി യാത്രാ നിരോധനം , വന്യജീവി ആക്രമണം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ വയനാടൻ ജനതയെ ദുരിതത്തിലാക്കുന്നുണ്ട്. ഇത്തരം വിഷയങ്ങൾ പഠിക്കുകയോ, മനസ്സിലാക്കുകയോ ചെയ്യാതെ കേവലം കയ്യടിക്കു വേണ്ടി പ്രസ്താവനകൾ നടത്തുക മാത്രമാണ് പ്രിയങ്ക വദ്ര ചെയ്യുന്നതെന്നും, ഈ വിഷയങ്ങളിൽ ആത്മാർത്ഥതയുണ്ടെങ്കിൽ പ്രിയങ്ക വദ്ര സംവാദത്തിന് തയ്യാറാവണമെന്നും നവ്യ ഹരിദാസ് വ്യക്തമാക്കി.
വയനാട്ടിലെ തെരഞ്ഞെടുപ്പിൽ വികസനം തന്നെയാണ് മുഖ്യ പ്രശ്നമെന്നും, വയനാട്ടിലെ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യാതെ, ഒളിച്ചോടുകയാണ് പ്രിയങ്ക വദ്രയെന്നും, എൻഡിഎ ഉയർത്തുന്ന ഒരു ചോദ്യത്തിനും രാഹുലിനും, പ്രിയങ്കയ്ക്കും മറുപടിയില്ലെന്നും നവ്യ ഹരിദാസ് ആരോപിച്ചു.ബത്തേരി നിയോജകമണ്ഡലത്തിലെ സ്വീകരണ സമ്മേളനങ്ങളിൽ സംസാരിക്കുകയായിരുന്നു നവ്യ ഹരിദാസ്.
ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, സംസ്ഥാന വൈസ് പ്രസിഡണ്ട് സി. സദാനന്ദൻ മാസ്റ്റർ,
ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് മലവയൽ, അഡ്വ.പി.സി.ഗോപിനാഥ്, കെ.ബി. മദൻലാൽ, പി.എം.അരവിന്ദൻ, എം.ടി.അനിൽ, കെ.ഗോപാലകൃഷ്ണൻ മാസ്റ്റർ, പി.എം.സുധാകരൻ
തുടങ്ങിയ നേതാക്കൾ വിവിധ സ്വീകരണ സമ്മേളനങ്ങളിൽ സംസാരിച്ചു