കോഴിക്കോട്:പിഞ്ചുകുട്ടികളുടെ നാവില്‍ ഹരിശ്രീ കുറിച്ചുള്ള അക്ഷരദീക്ഷയോടെ കേസരി ഭവനില്‍ നടന്നുവന്ന നവരാത്രി സര്‍ഗോല്‍സവത്തിനു പരിസമാപ്തിയായി. കാലിക പ്രസക്തിയേറിയ വിഷയങ്ങളെ അധികരിച്ചു പ്രമുഖര്‍ പങ്കെടുത്ത സര്‍ഗസംവാദങ്ങള്‍, നൃത്തനൃത്യങ്ങള്‍, നാടകീയ നൃത്തശില്‍പം, സംഗീത പരിപാടികള്‍, ഭജനകള്‍, പ്രദര്‍ശിനി, യോഗ ശിബിരം, സാധനാശിബിരം, ചലച്ചിത്രോല്‍സവം തുടങ്ങിയവയാല്‍ സജീവമായിരുന്നു ഉല്‍സവദിനങ്ങള്‍. കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര മുഖ്യ അര്‍ച്ചകന്‍ സുബ്രഹ്‌മണ്യ അഡിഗകളുടെ നേതൃത്വത്തില്‍ സരസ്വതീമണ്ഡപത്തില്‍ നടന്ന മഹാസാരസ്വത പൂജയോടെയാണ് ആഘോഷങ്ങള്‍ക്കു തുടക്കമായത്.
കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, ജുന അഖാഡ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജ്, പ്രബുദ്ധകേരളം പത്രാധിപരര്‍ സ്വാമി നന്ദാത്മജാനന്ദ, കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ കുലപതി ആചാര്യശ്രീ എം ആര്‍ രാജേഷ്, ശ്രേഷ്ഠാചാരസഭ ആചാര്യന്‍ എം ടി വിശ്വനാഥന്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ വിശിഷ്ടാതിഥികളായിരുന്നു. സര്‍ഗപ്രതിഭാ പുരസ്‌കാരം ഗായകന്‍ മധു ബാലൃഷ്ണന് ചലച്ചിത്ര ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും പ്രമുഖ നടിയും നവരാത്രി സര്‍ഗോല്‍സവ സമിതി അധ്യക്ഷയുമായ വിധുബാലയും ചേര്‍ന്നു സമ്മാനിച്ചു.
അക്ഷരദീക്ഷയില്‍ മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള, സി സദാനന്ദന്‍ എം പി, സീമാജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ ഗോപാലകൃഷ്ണന്‍, വിധുബാല, കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. എം അബ്ദുല്‍ സലാം, കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ, ഗുരുവായൂരപ്പന്‍ കോളജ് മലയാള വിഭാഗം അധ്യക്ഷന്‍ പ്രഫ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ ആചാര്യന്‍മാരായി. ചിത്രകലാ വിദ്യാരംഭത്തിന് ആര്‍ട്ടിസ്റ്റ് മദനന്‍, രാജഗോപാല്‍ ഇരുവള്ളൂര്‍ എന്നിവരും നൃത്തപഠനവിദ്യാരംഭത്തിനു ഗായത്രി മധുസൂദനനും നേതൃത്വം നല്‍കി.