പാലക്കാട്: പാലക്കാട് മണ്ണാ൪ക്കാട് നോമ്പുകഞ്ഞിയിൽ വിഷം കലർത്തി ഭ൪ത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം വീതം പിഴയും. തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ട കേസിൽ കൊച്ചുമകൻ ബഷീറിനും ഭാര്യ ഫസീലയ്ക്കുമാണ് മണ്ണാ൪ക്കാട് പട്ടികജാതി പട്ടിക വകുപ്പ് പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോൺ ശിക്ഷ വിധിച്ചത്. അതേസമയം വിധിയിൽ തൃപ്തരെന്ന് കുടുംബം പറഞ്ഞു.
എട്ടു വർഷം നീണ്ട നിയമപോരാട്ടം ഒരു വ൪ഷം നീണ്ട വിചാരണ പിന്നാലെയാണ് കോടതിയുടെ ശിക്ഷാ വിധി. കൊലപാതകം, തെളിവു നശിപ്പിക്കൽ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ കോടതി കണ്ടെത്തിയത്. കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും രണ്ട്ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. തെളിവ് നശിപ്പിച്ചതിന് ഒന്നാംപ്രതിക്ക് ഏഴു വർഷം തടവും കാൽലക്ഷം രൂപ പിഴയും ഒടുക്കണം.
പിഴത്തുക നബീസയുടെ ഭിന്നശേഷിക്കാരിയായ മകൾ ആയിഷയ്ക്ക് നൽകണം. ഇല്ലെങ്കിൽ രണ്ട് വർഷം അധിക തടവ് അനുഭവിക്കണം. പ്രതികൾക്ക് പരമാവധി ശിക്ഷ എന്നായിരുന്നു പ്രൊസിക്യൂഷൻ്റെ വാദം. കൊലപാതകക്കുറ്റം, തെളിവു നശിപ്പിക്കൽ, ഗൂഢാലോചന എന്നിവ പ്രൊസിക്യൂഷന് തെളിയിക്കാനായി. 35 സാക്ഷികളെ വിസ്തരിച്ചു. ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും നിർണായകമായി. വിധി കേട്ടപ്പോഴും ജയിലിലേക്ക് പോകും വഴിയും കൂസലില്ലാതെ ആയിരുന്നു പ്രതികൾ.
2016 ജൂൺ 23നായിരുന്നു 71 കാരി തോട്ടര സ്വദേശി നബീസയെ കൊച്ചുമകൻ ബഷീറും ഭാര്യ ഫസീലയും ചേർന്ന് കൊലപ്പെടുത്തിയത്. നോമ്പു തുറക്കാനായി പ്രതികളുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി കഞ്ഞിയിൽ വിഷം ചേർത്ത് നൽകുകയായിരുന്നു. മരണം ഉറപ്പാക്കി ചാക്കിൽകെട്ടി മൃതദ്ദേഹം ഉപേക്ഷിച്ചു. എഴുത്തും വായനയും അറിയാത്ത നബീസയുടെ മൃതദേഹത്തോടൊപ്പം കണ്ടെത്തിയ കുറിപ്പാണ് പ്രതികളിലേക്കെത്തിച്ചത്.
ബന്ധുവീടുകളിൽ നിന്ന് സ്വർണാഭരണം മോഷണം ഉൾപ്പെടെ നിരവധി പെരുമാറ്റ ദൂഷ്യങ്ങൾ കാരണം ഫസീലയെയും ഭർത്താവ് ബഷീറിനെയും വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതെല്ലാം കൊല്ലപ്പെട്ട നബീസയാണ് ചെയ്തതെന്ന് വരുത്തി ഭർതൃവീട്ടിൽ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാനാണ് കൊലപാതകമെന്നാണ് പ്രൊസിക്യൂഷൻ കണ്ടെത്തൽ.