തിരുവവന്തപുരം : 10 വർഷത്തെ നികുതി തവണകളായി അടയ്ക്കാൻ അനുവാദം ലഭിച്ച മോട്ടോർ ക്യാബ് വാഹനങ്ങളുടെ കുടിശികയുള്ള മൂന്ന് ദ്വൈമാസ തവണകൾ അടയ്‌ക്കേണ്ട തീയതി നവംബർ 10 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. 15 വർഷത്തെ ഒറ്റത്തവണ നികുതിയ്ക്ക് പകരം അഞ്ചു വർഷത്തെ നികുതി അടച്ചവർക്ക് ബാക്കി 10 വർഷത്തെ നികുതിയ്ക്ക് 10 ദ്വൈമാസ തവണകളാണ് അനുവദിച്ചിരുന്നത്.
ആദ്യ ഗഡു മെയ് 10 ന് മുൻപ് അടയ്ക്കാനും തുടർന്നുള്ളവയ്ക്ക് ഒമ്പത് ദ്വൈമാസ തവണകളും നിഷ്‌കർഷിച്ചിരുന്നു. എന്നാൽ മെയ് മുതൽ സംസ്ഥാനത്ത് ഭാഗിക ലോക്ഡൗൺ ആയിരുന്നതിനാൽ നികുതി അടയ്ക്കുവാൻ വാഹന ഉടമകൾക്ക് ബുദ്ധിമുട്ട് നേരിട്ടിരുന്നു . പല വാഹനങ്ങളും ബ്ലാക്ക് ലിസ്റ്റിൽപ്പെട്ട് നിരത്തിലിറക്കാനും കഴിഞ്ഞില്ല . ഇത് സംബന്ധിച്ച് വാഹന ഉടമകൾ നൽകിയ പരാതി പരിഗണിച്ചാണ് തീയതി നീട്ടി നൽകിയതെന്നും തുടർന്നുള്ള തവണകൾക്ക് ഇളവുകൾ നൽകില്ലെന്നും മന്ത്രി അറിയിച്ചു.