കോഴിക്കോട്:ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരായി പി വി അൻവർ എംഎൽഎ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ അങ്ങേയറ്റം ഞെട്ടിക്കുന്നതും ഗൗരവം ഉള്ളതും ആണെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും എഡിജിപിയും ചേർന്നുകൊണ്ട് ഒരു വലിയ ക്രിമിനൽ സംഘത്തിന് നേതൃത്വം കൊടുക്കുകയാണെന്നും, ആ ക്രിമിനൽ സംഘം ആണ് കേരളത്തിലെ എല്ലാ കുറ്റകൃത്യങ്ങളും നടത്തുന്നത് എന്നുമാണ് പി വി അൻവർ എംഎൽഎ ആരോപണം ഉന്നയിച്ചിട്ടുള്ളത്. ഇതിനെ സംബന്ധിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പി വി അൻവർ ഭരണകക്ഷി എംഎൽഎ ആണ് എന്നത് മാത്രമല്ല സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വത്തിന്റെ ഏറ്റവും പ്രിയപ്പെട്ട എംഎൽഎയാണ്.
മാത്രമല്ല സിപിഎമ്മിലെ മറ്റ് എംഎൽഎമാർക്ക് ഇല്ലാത്ത ഒരുപാട് പ്രിവിലേജുകൾ ഉള്ള എംഎൽഎയാണ് പി വി അൻവർ. അതുകൊണ്ടാണ് റവന്യൂ ഉദ്യോഗസ്ഥരും കോടതിയും എല്ലാം അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ എംഎൽഎയെ സംരക്ഷിച്ച് നിർത്തിയതെന്നും അതുകൊണ്ട് ഗവൺമെന്റിനും, പാർട്ടിക്കും ഏറെ വേണ്ടപ്പെട്ട ആളാണ് പി വി അൻവർ എന്ന് വ്യക്തമാണ്. അദ്ദേഹമാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായി ഇപ്പോൾ ഏറ്റവും ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും എഡിജിപി എം ആർ അജിത്തും ചേർന്ന ഒരു കോക്കസ് ആണ്. അവർ നേതൃത്വം കൊടുക്കുന്ന ഒരു ക്രിമിനൽ സംഘമാണ് കേരളത്തിൽ ആളുകളെ തട്ടിക്കൊണ്ടുപോയി കൊല ചെയ്യുന്നത്, സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതികളെ അപായപ്പെടുത്തുന്നത് തുടങ്ങിയ ഗുരുതരമായിട്ടുള്ള ആരോപണങ്ങളാണ് പി വി അൻവർ എംഎൽഎ ഉന്നയിച്ചിരിക്കുന്നത്. കേരളത്തിൽ ക്രമസമാധാനത്തിന് നേതൃത്വം നൽകാൻ ചുമതലയുള്ള എഡിജിപിയെ എംഎൽഎ വിശേഷിപ്പിച്ചിരിക്കുന്നത് ദാവൂദ് ഇബ്രാഹിമിന് സമാനമായിട്ടാണ്.
ഇത്രയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച പശ്ചാത്തലത്തിൽ അത് മുഖ്യമന്ത്രിക്ക് എതിരായിട്ട് കൂടെയാണെന്ന് എംടി രമേശ് പറഞ്ഞു. കാരണം എഡിജിപിയും, പി ശശിയും എല്ലാം മുഖ്യമന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരാണ്, മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ളവരാണ് അവർക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആയിട്ടുള്ള ആരോപണങ്ങൾ ആണെന്നും അതു കൊണ്ട് ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി ആവശ്യപ്പെടുന്നതെന്നും എം ടി രമേശ് പറഞ്ഞു. ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ വസ്തുതാപരം ആണെങ്കിൽ അത് അങ്ങേയറ്റം ഞെട്ടിക്കുന്ന കാര്യമാണ്. സിപിഎമ്മിനകത്ത് ആഭ്യന്തര രാഷ്ട്രീയ സമയത്താണ് ഇക്കാര്യങ്ങളെല്ലാം പി വി അൻവർ വെളിപ്പെടുത്തുന്നത് എന്നതും ശ്രദ്ധേയമാണെന്ന് എംടി രമേശ് കൂട്ടിച്ചേർത്തു. പിവി അൻവർ ആർക്കുവേണ്ടിയാണ് ഇതൊക്കെ പറയുന്നതെന്നും വ്യക്തമാക്കേണ്ട കാര്യമാണെന്ന് എം ടി രമേശ് പറഞ്ഞു.മാരാർജി ഭവനിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം ജില്ലയിലെ സിപിഎം നേതാക്കൾ പറയുന്നതിനേക്കാൾ പി വി അൻവർ എംഎൽഎ പറയുന്നതാണ് മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും മുഖവിലയ്ക്കെടുക്കുക എന്നത് മലപ്പുറം നേതൃത്വത്തിന്റെ പ്രധാന പരാതികളാണ്. അതിനാൽ തന്നെ ആരോപണത്തിന്റെ കുന്ത മുനകളെല്ലാം മുഖ്യമന്ത്രിക്കെതിരാണ്. അതിനാൽ മുഖ്യമന്ത്രി ഈ വിഷയത്തിൽ വ്യക്തമായ മറുപടി പറയണമെന്നും പി വി അൻവർ ഉന്നയിക്കപ്പെട്ട കാര്യങ്ങൾ എല്ലാം ബിജെപി നേരത്തെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളാണ്.
പോലീസിൽ ക്രിമിനൽ സംഘം ഉണ്ട് എന്നതും, സ്വർണ്ണ കടത്ത് കേസിലെ പ്രതികളെ തട്ടിക്കൊണ്ടുപോകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ, അതിനാൽ തന്നെ ഇതിലെല്ലാം കൃത്യമായ അന്വേഷണം നടത്തണമെന്നും എംടി രമേശ് പറഞ്ഞു. കൂടാതെ പിവി അൻവർ ആരോപിച്ചിട്ടുള്ള മറ്റൊരു ആരോപണം എഡിജിപി മന്ത്രിമാരുടെ ഫോൺ കോളുകൾ ചോർത്തുന്നു എന്നതാണ് അതും ഏറ്റവും ഗൗരവകരമായ ഒരു കാര്യം തന്നെയല്ലേ എന്നും എം ടി രമേശ് ചോദിച്ചു. പി വി അൻവറിന്റെ ഈ ആരോപണം ശരിയാണെങ്കിൽ മന്ത്രിമാരേക്കാൾ വലിയ ആരോ ഒരാൾ ആണല്ലോ എഡിജിപിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത് അത് മുഖ്യമന്ത്രി ആണോ എന്നും എം ടി രമേശ് ചോദിച്ചു.