കോഴിക്കോട്: മില്‍മ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ദേശീയ ക്ഷീരദിനാചരണം നടത്തി. സംസ്ഥാനതല ഉദ്ഘാടനം ധനകാര്യ വകുപ്പു മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു.കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കിലെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ക്ഷീര വികസന വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു. ക്ഷീര കര്‍ഷകരെ സംരക്ഷിച്ചു നിര്‍ത്തുന്ന മില്‍മയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന് മന്ത്രി ബാലഗോപാല്‍ പറഞ്ഞു. അന്തര്‍ ദേശീയ തലത്തില്‍ നോക്കിയാല്‍ തന്നെ ക്ഷീര കര്‍ഷകര്‍ക്ക് ഉയര്‍ന്ന പാല്‍ വില നല്‍കുന്നത് മില്‍മയാണ്. മെച്ചപ്പെട്ട മാര്‍ക്കറ്റിംഗ് സംവിധാനവും കൂടുതല്‍ ഉത്പ്പന്നങ്ങളുമായി മില്‍മ മുന്നോട്ടു കുതിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഗുണനിലവാരമില്ലാത്ത കാലിത്തീറ്റകള്‍ സംസ്ഥാനത്തേക്കു കൊണ്ടുവരുന്നത് തടഞ്ഞ് ഗുണനിലവാരം ഉറപ്പാക്കുമെന്ന് ക്ഷീര വികസന വകുപ്പുമന്ത്രി ചിഞ്ചുറാണി പറഞ്ഞു.
ഇതിനായി സെലക്ട് കമ്മറ്റിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. തീറ്റപ്പുല്‍കൃഷി വ്യാപിപ്പിക്കും. ഇതിനായി ഒരു ഹെക്ടര്‍ ഭൂമിയിലെ പുല്‍ക്കൃഷിക്ക് 16,000 രൂപ സബ്‌സിഡി നല്‍കും. സുഗമമായ സൈലേജ് ഉത്പാദനം ലക്ഷ്യമിട്ട് സംസ്ഥാനത്ത് ചോളം കൃഷിയും വ്യാപകമാക്കും. പാലക്കാട് മുതലമടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ചോളക്കൃഷി വിജയകരമാണ്. പഞ്ചാബില്‍ നിന്ന് പുല്‍ ഉള്‍പ്പെടെ തീറ്റ വസ്തുക്കള്‍ കൊണ്ടു വരുന്നതിന് ധാരണയായിട്ടുണ്ട്. കിസാന്‍ റെയില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവ കേരളത്തിലേക്ക് കൊണ്ടു വരുന്നതിനായുള്ള അനുമതി റെയില്‍വേയോടു തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മില്‍മ മുന്‍ ചെയര്‍മാന്‍ പി.ടി.ഗോപാലക്കുറുപ്പ് ഡോ. വര്‍ഗീസ് കുര്യന്‍ അനുസ്മരണ പ്രഭാഷണം നടത്തി. മില്‍മയുടെ പുതിയ ഉത്പ്പന്നങ്ങളായ ഇന്‍സ്റ്റന്റ് പനീര്‍ ബട്ടര്‍ മസാല, സെറ്റ് തൈര് എന്നിവ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പും കപ്പ് കേക്ക്, പനീര്‍ ഡേറ്റ്‌സ് അച്ചാര്‍ എന്നിവ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എയും വിപണിയില്‍ ഇറക്കി. കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം എം.കെ. രാഘവന്‍ എം.പി നിര്‍വഹിച്ചു. എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എംടി. ജയന്‍, തിരുവനന്തപുരം മേഖലാ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം മോഹനന്‍ പിള്ള, നഗരസഭാ കൗണ്‍സിലര്‍ ഷെഫീന കെ. സന്തോഷ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി സ്വാഗതവും മാനേജിംഗ് ഡയറക്ടര്‍ ആസിഫ് കെ. യൂസഫ് നന്ദിയും പറഞ്ഞു.