കോഴിക്കോട്:വികസനത്തിന്റെ പേരു പറഞ്ഞു കൊണ്ട് ജനലക്ഷങ്ങളെ കുടിയൊഴിപ്പിച്ചു കൊണ്ടും വമ്പൻ തുക വായ്പയെടുത്തു കൊണ്ടും കെ റെയിൽ സിൽവർലൈൻ എന്ന പേരിൽ നിർമ്മിക്കാൻ പോകുന്ന റെയിൽപ്പാത പദ്ധതിക്കെതിരെ ഒന്നര വർഷം മുമ്പ് കെ റെയിൽ ജനകീയ പ്രതിരോധസമിതി, വെങ്ങളം സമിതി തുടങ്ങി വെച്ച സമരം ഇന്ന് കേരളമാകെ ഏറ്റു പിടിച്ചിരിക്കുകയാണ്. 2020 ഒക്ടോബർ 2 മുതൽ ആരംഭിച്ച അനിശ്ചിത സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യവുമായി സംസ്ഥാന ദേശീയ തലത്തിലെ കലാ സാംസ്കാരിക രാഷ്ട്രീയ – സാമൂഹിക രംഗത്തെ പ്രഗത്ഭർ ഇതിനോടകം തന്നെ കാട്ടിലപ്പീടിക സമരപന്തലിൽ എത്തിക്കഴിഞ്ഞു. സത്യാഗ്രഹ സമരത്തിന്റെ 464-ാം ദിവസമായ ജനുവരി 10 തിങ്കളാഴ്ച പരിസ്ഥിതി പ്രവർത്തക മേധാ പട്കർ കാട്ടിലപ്പീടിക സമരപന്തലിൽ എത്തിച്ചേരുന്നു. ഇന്ത്യയിലുടനീളം നിരവധി സമരപോരാട്ടങ്ങൾക്ക് നേതൃത്വം വഹിച്ചിട്ടുള്ള മേധാ പട്കർ സമരപന്തലിൽ എത്തിച്ചേരുന്നു എന്നുള്ളത് വർത്തമാനകാലത്ത് കെ റെയിൽ വിരുദ്ധ സമരത്തിന് ഏറെ ആവേശം പകരുമെന്ന് സമര സമതി പ്രവർത്തകർ പറഞ്ഞു. പരിസ്ഥിതി പ്രവർത്തകരായ സി ആർ നീലകണ്ഠൻ, പ്രൊഫ. കുസുമം ജോസഫ്, വിജയരാഘവൻ ചേലിയ കെ റെയിൽ വിരുദ്ധ സംസ്ഥാന സമിതി ചെയർമാൻ എം പി ബാബുരാജ്, ജനറൽ കൺവീനർ എസ് രാജീവൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കുമെന്ന് സമരസമിതി നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.