ആലപ്പുഴ മാന്നാർ സ്വദേശി ശ്രീകല വധത്തിൽ അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും നീളുന്നു. സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചെന്ന് പറയുന്ന കലയുടെ മൃതദേഹം പുറത്തെടുത്ത് മറ്റൊരിടത്ത് സംസ്കരിച്ചിരിക്കാമെന്ന സംശയത്തിലാണാണ് കേസന്വേഷണം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചത്.
മൃതദേഹം കുഴിച്ചുമൂടിയെന്ന് പറയുന്ന വീടിന്റെ സമീപത്ത് നിരവധി വീടുകളുള്ളതിനാൽ സെപ്റ്റിക് ടാങ്ക് തുറന്ന് മൃതദേഹം പുറത്തെടുത്ത് സമീപത്ത് മറവുചെയ്യുകയെന്നത് പ്രായോഗികമല്ല.
ഈ സാഹചര്യത്തിലാണ് മറ്റൊരു സംഘത്തിന്റെ സഹായത്തോടെ മൃതദേഹം നാട്ടില്‍നിന്ന് മാറി മറ്റെവിടെയങ്കിലും മറവു ചെയ്തിരിക്കാമെന്ന സംശയത്തിലേക്ക് അന്വേഷണ സംഘമെത്തിയത്.
സെപ്റ്റിക് ടാങ്കിൽനിന്ന് മൃതദേഹ അവശിഷ്ടങ്ങളൊന്നും ലഭിക്കാത്തതും സംശയത്തിന് കാരണമായി. ചോദ്യംചെയ്ത് വിട്ടയച്ച ദൃക്സാക്ഷിയായ സുരേഷ് ഇതിന്റെ സാധ്യതകളെക്കുറിച്ച് പൊലിസിനോട് പറഞ്ഞിരുന്നു.
കേസിൽ ഒന്നാം പ്രതിയായ കലയുടെ ഭർത്താവ് അനിൽ മേസ്തിരി പണിക്കാരനായതിനാൽ ഇതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഇപ്പാൾ കസ്റ്റഡിയിലുള്ള പ്രതികളിൽ ആരെങ്കിലും ഇതിന് സഹായിച്ചിരുന്നോ എന്ന് കൂടുതൽ ചോദ്യം ചെയ്യലിലൂടെയെ പുറത്തുവരികയുള്ളു. വിദേശത്തുള്ള അനിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും പൊലിസ് നടത്തുന്നുണ്ട്.














