Saturday, November 23, 2024
General

കര്‍ണാടകയിലെ മണ്ണിടിച്ചില്‍: ഏഴുപേരുടെ മൃതദേഹം കണ്ടെത്തി, കോഴിക്കോട് സ്വദേശിക്കായി തിരച്ചിൽ തുടരുന്നു


കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ ഏഴു പേരുടെ മൃതദേഹം കണ്ടെത്തി. 8 വയസ്സുള്ള കുട്ടിയടക്കം 7 പേരുടെ മൃതദേഹമാണ് ഇതുവരെ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഇതില്‍ 5 പേര്‍ ഒരു കുടുംബത്തിലെ ആളുകളാണ്.

മണ്ണിടിച്ചിലില്‍ കുടുങ്ങിയത് അര്‍ജുനടക്കം 10 പേരാണെന്ന് ഉത്തര കന്നഡ ഡപ്യൂട്ടി കമ്മിഷണര്‍ ആന്‍ഡ് ജില്ലാ മജിസ്‌ട്രേറ്റ് ലക്ഷ്മിപ്രിയ വ്യക്തമാക്കി. അര്‍ജ്ജുന്‍ ഉള്‍പെടെ ബാക്കിയുള്ള മൂന്നുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാക്കിയുള്ളവര്‍ സമീപത്തുള്ള ഗംഗാവാലി നദിയിലേക്ക് ഒഴുകി പോയിട്ടുണ്ടാകുമെന്നാണ് സൂചന. അതിനാല്‍ തെരച്ചിലിനായി നേവിയുടെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ണിടിച്ചിലില്‍ മരിച്ച കുടുംബം സമീപത്ത് ചായക്കട നടത്തുകയായിരുന്നു.കടയുടമ ലക്ഷ്മണ്‍ നായികിന്റെയും ഭാര്യ ശാന്തിയുടെയും മകന്‍ റോഷന്റെയും മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. ഇവരുടെ മറ്റൊരു മകളായ അവന്തികയുടെ മൃതദേഹവും ലക്ഷ്മണിന്റെ മാതാപിതാക്കളില്‍ ഒരാളുടെ മൃതദേഹവും മൂന്നു ദിവസത്തിന് ശേഷമാണ് കണ്ടെത്തിയത്. മറ്റ് മൂന്നു പേര്‍ ഡ്രൈവര്‍മാരാണ് എന്നാണ് സൂചന. ഇതില്‍ ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു.

അതേസമയം, ജില്ലയില്‍ കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്. ഗംഗാവേലി നദിക്ക് സമീപത്തുള്ള ഉളവരെ എന്ന പ്രദേശത്താണ് മഴയും മണ്ണിടിച്ചിലും ഏറെ ദുര്‍ഘടം വിതച്ചത്. ഇരുപതോളം വീടുകളാണ് ഇവിടെ മഴയില്‍ തകര്‍ന്നത്.


Reporter
the authorReporter

Leave a Reply