GeneralLatest

കുവൈത്ത് തീപിടിത്തം: മരിച്ച ഇന്ത്യക്കാരുടെ കുടുംബത്തിന് 2 ലക്ഷം രൂപ പ്രഖ്യാപിച്ച് കേന്ദ്രം


കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗാഫ് നഗരത്തിലെ സ്വകാര്യ കമ്പനി ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ 25 മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍ മരിച്ചതായി സ്ഥിരീകരണം. 9 മലയാളികള്‍ ഉള്‍പ്പെടെ 21 ഇന്ത്യക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം ഓയൂര്‍ സ്വദേശി ഉറമുദ്ദീന്‍ ഷമീര്‍ (33), പന്തളം സ്വദേശി ആകാശ് ശശിധരന്‍ നായര്‍ (23), കാസര്‍കോട് കുണ്ടടുക്കം സ്വദേശി രഞ്ജിത്, ഷിബു വര്‍ഗീസ്, തോമസ് ജോസഫ്, പ്രവീണ്‍ മാധവ് സിങ്, ലൂക്കോസ് വടക്കോട്ട് ഉണ്ണൂണ്ണി, ഭുനാഥ് റിച്ചാര്‍ഡ് റോയ് ആനന്ദ, കേളു പൊന്മലേരി, സ്റ്റീഫന്‍ എബ്രഹാം സാബു, അനില്‍ ഗിരി, മുഹമ്മദ് ഷരീഫ് ഷെരീഫ, സാജു വര്‍ഗീസ്, ദ്വാരികേഷ് പട്ടനായക്, മുരളീധരന്‍ പി.വി, വിശ്വാസ് കൃഷ്ണന്‍, അരുണ്‍ ബാബു, സാജന്‍ ജോര്‍ജ്, രഞ്ജിത്ത് കുണ്ടടുക്കം, റെയ്മണ്ട് മഗ്പന്തയ് ഗഹോല്‍, ജീസസ് ഒലിവറോസ് ലോപ്‌സ്, ഡെന്നി ബേബി കരുണാകരന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടു ലക്ഷം രൂപ വീതമാണ് അനുവദിക്കുക.

മലയാളി ഉടമസ്ഥതയിലുള്ള എന്‍.ബി.ടി.സി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലേബര്‍ ക്യാംപായി പ്രവര്‍ത്തിക്കുന്ന ഫഌറ്റിലാണ് തീപിടിത്തമുണ്ടായത്. 196 ജീവനക്കാരാണ് ഇവിടെ താമസിച്ചിരുന്നത്. ഇന്നലെ പുലര്‍ച്ചെ പ്രാദേശക സമയം ഒരുമണിയോടെയാണ് തീപടര്‍ന്നത്. കെട്ടിടത്തിന്റെ താഴെ നിലയില്‍ ശേഖരിച്ചുവച്ച ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നതാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന.

അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കെട്ടിടത്തിന്റെ സെക്യൂരിറ്റിയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വയ്ക്കാനും സ്ഥാപന ഉടമകളെയും നഗരസഭാ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യാനും ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ സബാഹ് ഉത്തരവിട്ടു.

പൊള്ളലേറ്റവരില്‍ പലരുടെയും നിലഗുരുതരമാണ്. പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് മിക്കവരും മരിച്ചത്. കെട്ടിടത്തില്‍നിന്നു താഴേക്കു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്കാണ് പരുക്കേറ്റത്. 11 പേരെ മുബാറക് അല്‍ കബീര്‍ ആശുപത്രിയിലും 4 പേരെ ജാബിര്‍ ആശുപത്രിയിലും 6 പേരെ ഫര്‍വാനിയ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപത്രികളിലായി 35 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ 7 പേരുടെ നില ഗുരുതരമാണ്. കുവൈത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്ത ദുരന്തങ്ങളിലൊന്നാണിത്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും പരുക്കേറ്റവരുടെ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പുവരുത്താനും ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ എംബസി അംബാസഡര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചു.


Reporter
the authorReporter

Leave a Reply