Friday, January 24, 2025
General

40 കോടിയാളുകൾ എത്തുമെന്ന് പ്രതീക്ഷ, കുംഭമേള ഒരുക്കങ്ങൾ പൂർത്തിയായി


ലഖ്നൗ: മഹാ കുംഭമേളയ്ക്കായി ഒരുങ്ങി ഉത്തർപ്രദേശിലെ പ്രയാ​ഗ്‍രാജ്. ഒരുമാസത്തിലധികം നീളുന്ന ചടങ്ങുകൾക്ക് നാളെ തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചടങ്ങിലേക്ക് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ദില്ലിയിലെത്തി ക്ഷണിച്ചു. ആകെ 40 കോടി തീർത്ഥാടകർ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷ.

ലോകത്തെ ഏറ്റവും വലിയ തീർത്ഥാടക സം​ഗമത്തിന് ഉത്തർ പ്രദേശ് ഒരുങ്ങി കഴിഞ്ഞു. 144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേളയ്ക്കായി പ്രയാ​ഗ് രാജിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ പൗഷ് പൂർണിമ മുതൽ ഫെബ്രുവരി 26ന് മഹാ ശിവരാത്രി വരെ 45 ദിവസങ്ങൾ നീണ്ടു നിൽക്കുന്നതാണ് ചടങ്ങുകൾ. 40 കോടി തീർത്ഥാടകരെത്തുമെന്ന് പ്രതീക്ഷ

തിങ്കളാഴ്ച മുതൽ കുംഭമേളയിലെ പ്രധാനപ്പെട്ട ചടങ്ങായ ത്രിവേണി സം​ഗമത്തിലെ സ്നാനം തുടങ്ങും. 14 ന് മകര സംക്രാന്തി ദിനത്തിലും 29 ന് മൗനി അമാവാസ്യ ദിനത്തിലും ഫെബ്രുവരി മൂന്നിന് വസന്ത പഞ്ചമി ദിനത്തിലും ഫെബ്രുവരി 12ന് മാഘി പൂർണിമ ദിനത്തിലും ഫെബ്രുവരി 26 ന് മഹാ ശിവരാത്രി ദിനത്തിലുമാണ് പ്രധാന സ്നാനങ്ങൾ നടക്കുക. കുംഭമേളയിൽ പങ്കെടുത്ത് ത്രിവേണി സം​ഗമത്തിൽ കുളിച്ചാൽ പാപങ്ങളില്ലാതാകുമെന്നാണ് വിശ്വാസം. സനാതന ധർമ്മത്തിന്‍റെ മഹത്വം തിരിച്ചറിയാൻ എല്ലാവരും കുംഭമേളയിൽ പങ്കെടുക്കണമെന്ന് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പറഞ്ഞു.

പ്രയാ​ഗ് രാജിൽ 12 കിലോമീറ്റർ നീളത്തിൽ സ്നാന ഘാട്ടുകൾ തയാറാക്കി. വാച്ച് ടവറടക്കം വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കുംഭമേള നടക്കുന്ന ദിവസങ്ങളിലാകെ 3000 സ്പെഷൽ സർവീസുകളുൾപ്പടെ 13000 ട്രെയിൻ സർവീസുകൾ ഒരുക്കുമെന്ന് റെയിൽവേയും അറിയിച്ചിട്ടുണ്ട്. കേന്ദ്ര ടൂറിസം വകുപ്പിന്‍റെ കീഴിലുള്ള ഐടിഡിസിയും പ്രയാ​ഗ്രാജിൽ പ്രത്യേക ലക്ഷ്വറി ടെന്‍റുകൾ ഒരുക്കിയിട്ടുണ്ട്. 14,000 മുതൽ 45,000 വരെ വാടക ഈടാക്കുന്നതാണ് ഐടിഡിസിയുടെ ലക്ഷ്വറി സ്യൂട്ടുകൾ. ഐടിഡിസിയെ പോലെ സ്വകാര്യ സ്ഥാപനങ്ങളും വൻ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കുംഭമേളയിലൂടെ രണ്ട് ലക്ഷം കോടി രൂപയുടെ സാമ്പത്തിക വളർച്ച സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് യുപി സർക്കാരിന്‍റെ പ്രതീക്ഷ.


Reporter
the authorReporter

Leave a Reply