Saturday, November 23, 2024
General

ലാഭത്തിലോടി കെഎസ്ആർടിസിയുടെ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസ്


കെഎസ്ആർടിസിയുടെ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവിസ് ലാഭത്തിൽ. ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഒരു വർഷം മുൻപാണ് കെഎസ്ആർടിസി കൊറിയർ സർവിസ് ആരംഭിച്ചത്. 3.82 കോടി രൂപയാണ് ഈ ഇനത്തിൽ ഒരു വർഷംകൊണ്ട് നേടിയത്. ഇതിൽ ഒരു കോടിയോളം രൂപയാണ് ലാഭം.

2023 ജൂൺ 15 നായിരുന്നു സംസ്ഥാനത്തെ 45 ഡിപ്പോകളെയും തമിഴ്നാട്ടിലെ കോയമ്പത്തൂരിനെയും നാഗർകോവിലിനെയും ബന്ധിപ്പിച്ച് കൊറിയർ സർവിസ് പ്രവർത്തനം തുടങ്ങിയത്. നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയ്ക്ക് വരുമാനം വർധിപ്പിക്കാൻ വേണ്ടിയാണ് ടിക്കറ്റിതര പദ്ധതിയായി കൊറിയർ സർവിസ് കൊണ്ടുവന്നത്. കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് പ്രവർത്തനമാരംഭിക്കുമ്പോൾ 1,95,000 മാത്രമായിരുന്നു പാർസൽ കൊണ്ടുപോവുക വഴി മാസവരുമാനം ലഭിച്ചിരുന്നത്. ഇന്നത് കോടിയിലേക്ക് എത്തിയതായി കെഎസ്ആർടിസി കണക്കുകൾ വ്യക്തമാക്കുന്നു. 4,32,000 കൊറിയറുകളാണ് ഒരുവർഷത്തിനിടെ കെഎസ്ആർടിസി കൈമാറിയത്. ദിവസവും 2,200 ഉപഭോക്താക്കളെ പരസ്പരം ബന്ധിപ്പിക്കുന്നു.

കെഎസ്ആർടിസിയുടെ കൊമേഴ്ഷ്യൽ വിഭാഗമാണ് കൊറിയർ സർവിസ് നടത്തുന്നത്. കേരളത്തിലെവിടെയും 16 മണിക്കൂറിനകം കൊറിയർ എത്തിക്കുമെന്നാണ് കെഎസ്ആർടിസിയുടെ അവകാശവാദം. ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്റെ പിന്തുണയുമുണ്ട്. ഒരു കിലോഗ്രാം മുതൽ 120 കിലോഗ്രാം വരെ ഭാരമുള്ള സാധനങ്ങൾ പാഴ്സലായി അയക്കാം. ഇതിനായി ഡിപ്പോകളിലുള്ള കൗണ്ടറിൽ പാർസൽ, കൊറിയറുകൾ നൽകി പണമടച്ചാൽ മതി.

നിലവിൽ നൽകുന്ന സേവനത്തിന് പുറമെ വാതിൽപ്പടിസേവനവും ഉൾപ്രദേശങ്ങളിലുൾപ്പെടെ പുതിയ ഫ്രാഞ്ചൈസികളും ആരംഭിക്കാനുള്ള പദ്ധതികളിലാണ് കെഎസ്ആർടിസി. പദ്ധതി നടപ്പാകുന്നതോടെ വീടുകളിൽനിന്ന് സാധനങ്ങൾ ശേഖരിക്കുന്ന തലത്തിലേക്ക് പദ്ധതിമാറും. സ്വകാര്യ കൊറിയർ സർവിസുമായി താരതമ്യം ചെയ്യുമ്പോൾ 30 ശതമാനംവരെ നിരക്കിൽ കുറവുണ്ട് എന്നതാണ് കെഎസ്ആർടിസിയുടെ ആകർഷണം.


Reporter
the authorReporter

Leave a Reply