GeneralLocal News

ബജറ്റിൽ പ്ര​തീ​ക്ഷ​യോ​ടെ കോഴിക്കോട് ജി​ല്ല


മാവൂർ ഗ്വാളിയോർ റയോൺസ് ഭൂമിയിൽ പരിസ്ഥിതിക്ക് യോജിച്ച ബൃഹത് പദ്ധതി ജില്ല ആഗ്രഹിക്കാൻ തുടങ്ങിയിട്ട് നാ​ളേറെയായി. 370 ഏക്കറാണിവിടെ കാടുപിടിച്ച് കിടക്കുന്നത്. 2007ൽ ബിർല മാനേജ്​മെന്റ്​ തന്നെ ആദ്യ പദ്ധതിരേഖ സർക്കാറിന്​ സമർപ്പിച്ചിരുന്നു.

ഇലക്​ട്രോണിക്​സ്​, ​ഐ.ടി, ടൂറിസം വ്യവസായങ്ങളാണ്​ പറഞ്ഞിരുന്നത്​. പ്രത്യേക സോണെന്ന ആശയവും മുന്നോട്ടുവെച്ചതോടെ എതിർപ്പുണ്ടായി. 11 വർഷത്തിനിടെ ഒമ്പതു​ തവണ സർക്കാറിന്​ പദ്ധതികൾ സമർപ്പിച്ചു. ഇവയൊന്നും ഫലം കണ്ടില്ല.

2017ലെ ബജറ്റിൽ മാവൂരിൽ ജാപ്പനീസ്​ -കൊറിയൻ വ്യവസായ ക്ലസ്​റ്ററിന്​ നടപടി ആരംഭിച്ചതായി പ്രഖ്യാപിച്ചു. ബജറ്റിൽ ഒരു കോടി രൂപയും വകയിരുത്തി സ്​പെഷൽ ഓഫിസറെയും നിയമിച്ചു​. പദ്ധതിയുടെ സാധ്യതാ പഠനത്തിന്​ കേരള ഇൻഡസ്​ട്രിയൽ ഡെവലപ്​മെന്റ് കോർ​പറേഷനെയും പിന്നീട് ചുമതല​പ്പെടുത്തി.

എന്നാലിതുവരെയും തുടർനടപടികളുണ്ടായില്ല. ചാലിയാറിനോട് ചേർന്നുള്ള ഭൂമിയാണ് എന്നതിനാലും എളുപ്പം കരിപ്പൂർ വിമാനത്താവളത്തിലെത്താമെന്നതും അനുകൂലമായതിനാൽ ടൂറിസം പദ്ധതി, ഐ.ടി പാർക്ക്, ഇലക്ട്രോണിക്സ് വില്ലേജ് അടക്കമുള്ളവയാണ് ജില്ല ഇവിടെ ആഗ്രഹിക്കുന്നത്.

വിദേശിക​​ളെത്തും; ടൂറിസം വികസിച്ചാൽ

വയനാടിനോട് ചേർന്നുള്ള കോഴിക്കോടിന്റെ ടൂറിസം സാധ്യതകൾ അനന്തം
വിദേശ വിനോദ സഞ്ചാരികളെ എത്തിക്കാൻ കഴിയുന്നില്ല എന്നത് വലിയ പോരായ്മ.
വിദേശികൾ കൊച്ചി, കോവളം, ആലപ്പുഴ എന്നിവിടങ്ങളിലെത്തി മടങ്ങുന്നു. സ്റ്റാർ ഹോട്ടലുകൾ അടക്കമുള്ളവ ജില്ലയിൽ ഏറെ. ഇവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണം.
വയനാടിന്റെ സൗന്ദര്യത്തിലേക്ക് വിദേശീയരെ ആകർഷിക്കാൻ കഴിഞ്ഞാൽ കോഴിക്കോടിനും വലിയ ഉണർവേകും.
ബേപ്പൂർ തുമുഖത്തുനിന്ന് ക്രൂയിസ് ടൂറിസം, കോഴിക്കോട് ബീച്ചിൽ ടൂറിസം പദ്ധതികൾ, തോണിക്കടവ്, കക്കയം, കക്കാടംപൊയിൽ, കടലുണ്ടി, കടത്തനാട്, ഒളോപ്പാറ, വയലട, തുഷാരഗിരി, കാപ്പാട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പുതിയപദ്ധതികൾ വേണം.
പുഴകളെ ബന്ധിപ്പിച്ച് ഉൾനാടൻ ജലഗതാഗത പദ്ധതിയും അനിവാര്യം.
മുക്കം പാലവും തൃക്കുടമണ്ണ ക്ഷേത്രവും ബന്ധിപ്പിച്ച് ഇരുവഴിഞ്ഞി തീരത്തുകൂടി തീർഥാടന ടൂറിസം പദ്ധതിയും പ്രതീക്ഷിക്കുന്നു.

ഐ.ടി മേഖല

ഐ.ടി വ്യാപാരത്തിൽ കോഴിക്കോടിന് വൻ സാധ്യതകൾ
സർക്കാറിന്റെയും യു.എൽ.സി.സിയുടെയും സൈബർ പാർക്കുകൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും സർക്കാർ പാർക്കിൽ കൂടുതൽ നിക്ഷേപം നടത്തണം.
കൂടുതൽ ഐ.ടി പാർക്കുകൾ തുടങ്ങാൻ പദ്ധതി വേണം.
ഐ.ടിയിൽ ഏറെ മുന്നോട്ടുപോയ ബംഗളൂരു അടക്കമുള്ള നഗരങ്ങളിലെ ആളുകൾ വലിയതോതിൽ വന്ന് താമസിക്കുന്നതടക്കമുള്ള സാധ്യതകളെ കൂടുതലായി പ്രയോജനപ്പെടുത്താൻ പദ്ധതി വേണം.
ഐ.ടിയിൽ കൂടുതൽ നിക്ഷേപം നടത്തിയാൽ വരുമാനം 2500 കോടിയിലേക്ക് എത്തിക്കാനാവുമെന്ന് വിദഗ്ധർ.

ലൈറ്റ് മെട്രോ

മലബാറിന്റെ വാണിജ്യ തലസ്ഥാനമായ കോഴിക്കോടിന്റെ ലൈറ്റ് ​മെട്രോ മുറവിളിക്ക് വർഷങ്ങളുടെ പഴക്കം
പദ്ധതി പ്രഖ്യാപനവും പഠനവും പദ്ധതിരേഖ തയാറാക്കലും കഴിഞ്ഞിട്ടും ഒന്നും ട്രാക്കണഞ്ഞില്ല.
കോഴിക്കോട് നഗരത്തി​ന്റെ ഗതാഗതക്കുരുക്ക് അഴിക്കാൻ കൊച്ചി മെട്രോയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് മുതൽ മീഞ്ചന്ത വരെയായി 13 കിലോമീറ്ററിലേറെ നീളത്തിലുള്ള ​പദ്ധതിക്ക് ദ്രുതഗതിയിലുള്ള തുടർനടപടികൾ ജില്ല പ്രതീക്ഷിക്കുന്നു.

വ്യവസായങ്ങൾ വികസിച്ച് നിക്ഷേപാന്തരീക്ഷം സൗഹൃദമാകണം

മുൻകാലങ്ങളേക്കാൾ ഏറെ നിക്ഷേപ സൗഹൃദമായി മാറിയിട്ടുണ്ട് ജില്ല. അതിനാൽതന്നെ ചെറുകിട വ്യവസായങ്ങൾ മുന്നേറുന്നുണ്ട്. ഇതിനൊപ്പം ക്ലസ്റ്റുകളായി സർക്കാർ മുൻകൈയെടുത്തുള്ള വ്യവസായ യൂനിറ്റുകൾ തുടങ്ങണം.

സ്റ്റാർട്ടപ്പുകൾക്ക് കുടുതൽ പിന്തുണയും ഇളവുകളും അനുവദിക്കണം. മാനാഞ്ചിറ കോംട്രസ്റ്റ്, നല്ലളം സ്റ്റീൽ കോംപ്ലക്സ് അടക്കമുള്ളവയുടെ പുനരുദ്ധാരണവും ജില്ല ബജറ്റിൽ പ്രതീക്ഷിക്കുന്നു. അതോടൊപ്പം മറ്റു വ്യവസായ സ്ഥാപനങ്ങൾക്ക് സാമ്പത്തിക പിന്തുണയടക്കം നൽകി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാവണം.

സ്വകാര്യ ബസ് വ്യവസായം, കരകൗശല രംഗം, കൈത്തറി, ചെരിപ്പ് നിർമാണം തുടങ്ങിയവക്കെല്ലാം സർക്കാർ പിന്തുണ വേണം. 50 കിലോമീറ്ററിലേറെ നീളം വരുന്ന ജില്ലയുടെ കടലോരം കേന്ദ്രീകരിച്ച് ടൂറിസം അടക്കം ലക്ഷ്യമിട്ടുള്ള തനത് ഭക്ഷണ ബ്രാൻഡുകൾക്കും പദ്ധതി വേണം.

വൈകരുത്, തുറമുഖങ്ങളുടെ വികസനം

ജില്ലയിലെ ബേപ്പൂർ, വെള്ളയിൽ, ​കൊയിലാണ്ടി, ചോമ്പാല തുറമുഖങ്ങൾ വികസം കാക്കുന്നു.
ബേപ്പൂർ തുറമുഖവുമായി ബന്ധപ്പെട്ട് ടൂറിസവും ചരക്കുനീക്കവും മുൻനിർത്തി പുരോഗമിക്കുന്നത് ഒട്ടനവധി പദ്ധതികൾ
ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപ്, കൊച്ചി, മംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കപ്പൽ സർവിസ് വേണം.
പുലിമുട്ടുകളുടെ നീളം കൂട്ടൽ അടക്കം മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വികസനമാണ് മറ്റു തുറമുഖങ്ങൾ കാതോർക്കുന്നത്.

സാഹിത്യനഗരത്തെ അന്താരാഷ്ട്ര സാഹിത്യോത്സവ ​വേദിയാക്കണം

യുനസ്കോയുടെ സാഹിത്യനഗരം പദവി ലഭിച്ച കോഴിക്കോടിന്റെ ഖ്യാതി വീണ്ടും ഉയരണം.
അതിനൊത്ത വലിയ സാംസ്കാരിക പരിപാടികൾ ബജറ്റിൽ നഗരം പ്രതീക്ഷിക്കുന്നു.
സാഹിത്യകാരന്മാരെയും സാഹിത്യ സംഭാവനകളും അടുത്തറിയാൻ അന്താരാഷ്ട്ര സാഹിത്യ മ്യൂസിയ വേണം.
പൊന്നാനിയും ബേപ്പൂരും ബന്ധിപ്പിച്ചുള്ള സാഹിത്യ സർക്യൂട്ട് പദ്ധതികൾ

മൊബിലിറ്റി ഹബ്ബും ഇലക്ട്രിക് ബസ് സർവിസും ഇനിയെന്നാണ്?

ദീർഘദൂര ബസുകൾ ഓപറേറ്റ് ​ചെയ്യുന്നതിന് മൊബിലിറ്റ് ഹബ് അനിവാര്യമാണ്.
മലാപ്പറമ്പ് കേന്ദ്രീകരിച്ച പദ്ധതിക്ക് തുടർനടപടികളുണ്ടായില്ല.
സിറ്റി സർക്കുലർ സർവിസുകളായി ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കാൻ കഴിഞ്ഞാൽ നഗരത്തി​ന്റെ അന്തരീക്ഷ മലിനീകരണം ഒരുപരിധിവരെ കുറക്കാനാവും.

വന്യജീവികളെ കാടുകയറ്റി കാർഷിക മേഖലയെ രക്ഷിക്കണം

നാളികേരം, വാഴക്കുല അടക്കം കാർഷികോൽപന്നങ്ങൾക്ക് തരതമ്യേന മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ടെങ്കിലും കാടിറങ്ങുന്ന വന്യജീവികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതാണ് കാർഷികമേഖല ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. മലയോര മേഖലയിലടക്കമുള്ള വന്യജീവി ആക്രമണം നേരിടാൻ ശക്തമായ പദ്ധതി വേണം.

അതോടൊപ്പം മുഴുവൻ കാർഷിക വിളകൾക്കും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കണം. റബർ അടക്കം കാർഷിക വിളകളുടെ പരിപോഷണത്തിന് പദ്ധതി പ്രഖ്യാപിക്കണം. ജില്ലയുടെ നെല്ലറയായ ആവളപ്പാണ്ടിക്കും വേണ്ടതായ പരിഗണന ബജറ്റിൽ പ്രതീക്ഷിക്കുന്നു. കുറ്റ്യാടിയിലെ നാളികേര പാർക്ക് യാഥാർഥ്യമാക്കാനുള്ള ഇടപെടലും വേണം.
ആരോഗ്യരംഗത്തെ അവഗണിക്കരുത്

കോഴിക്കോട് മെഡിക്കൽ കോളജിന്റെ മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ കൂടുതൽ തുക വകയിരുത്തണം.
കൂടുതൽ ചികിത്സ യൂനിറ്റുകളും അത്യാഹിതവിഭാഗത്തിലേക്കടക്കം ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണം.
മരുന്ന് ക്ഷാമം അടക്കമുള്ള അടിയന്തര ആവശ്യങ്ങൾക്കായി പ്രത്യേക ഫണ്ട് അനുവദിക്കണം.
ബീച്ച് ജനറൽ ആശുപത്രിയുടെ വികസനത്തിനായി ഫണ്ട് അനുവദിക്കണം.


Reporter
the authorReporter

Leave a Reply