കൊല്ലം: കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസില്‍ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്. തമിഴ്നാട് മധുര സ്വദേശികളായ അബ്ബാസ് അലി, ഷംസൂണ്‍ കരീംരാജ, ദാവൂദ് സുലൈമാന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന പ്രതികളെ കോടതിയില്‍ നേരിട്ട് ഹാജരാക്കിയിരുന്നു.
ഇവര്‍ കുറ്റക്കാരാണെന്നു കഴിഞ്ഞദിവസം കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി.ഗോപകുമാര്‍ കണ്ടെത്തിയിരുന്നു. നാലാം പ്രതി മധുര സ്വദേശി ഷംസുദ്ദീനെ വിട്ടയച്ചു. അഞ്ചാം പ്രതി മുഹമ്മദ് അയൂബിനെ മാപ്പ് സാക്ഷിയാക്കിയായിരുന്നു കേസ് വിസ്തരിച്ചത്.
സംഭവം നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധിയുണ്ടായിരിക്കുന്നത്. 2016 ജൂണ്‍ 15ന് രാവിലെ 10.45ന് കളക്ടറേറ്റ് വളപ്പിലെ മുന്‍സിഫ് കോടതിയ്ക്ക് മുന്‍പില്‍ കിടന്ന ജീപ്പില്‍ സ്‌ഫോടനം നടത്തിയെന്നാണ് കേസ്. 2004 ജൂണ് 15-ന് ഗുജറാത്തില്‍ ഇസ്രത്ത് ജഹാനെയും മറ്റ് മൂന്നുപേരെയും കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് സ്ഫോടനം ആസൂത്രണം ചെയ്തത്.