തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 26ന് തുലാവര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേദിവസം തന്നെയാണ് കാലവര്‍ഷം പിന്‍വാങ്ങുന്നത്. ഒക്ടോബര്‍ 26 വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഒക്ടോബര്‍ 22 മുതല്‍ 28 വരെ കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളുടെ തീരദേശ പ്രദേശങ്ങള്‍ ഒഴികെയുള്ള മേഖലയില്‍ സാധാരണയില്‍ ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്.
ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ നാലു വരെ വയനാട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള മേഖലയിലും സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ മഴ ലഭിക്കും.
ഈ സാഹചര്യത്തില്‍ പീച്ചി, കക്കി, ഷോളയാര്‍, പൊന്മുടി, പെരിങ്ങല്‍ക്കുത്ത്, കുണ്ടള, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ എന്നീ അണക്കെട്ടുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചിമ്മിണി, ചുള്ളിയാര്‍, മലമ്പുഴ, മംഗലം, മീങ്കര, മാട്ടുപ്പെട്ടി, ഇടുക്കി അണക്കെട്ടുകളില്‍ ഓറഞ്ച് അലേര്‍ട്ടും നല്‍കിയിട്ടുണ്ട്.