കോഴിക്കോട് : കേന്ദ്ര ബജറ്റിന്റെ ഏറ്റവും വലിയ ഗുണഭോക്താവായി കേരളം മാറിയെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്ത്രീകൾക്കും കർഷകർക്കും യുവാക്കൾക്കും ഇത്രയും അധികം ആനുകൂല്യങ്ങൾ കിട്ടിയ മറ്റൊരു ബഡ്ജറ്റ് രാജ്യം കണ്ടിട്ടില്ലെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ആദായനികുതി പരിധി 12 ലക്ഷം ആക്കിയതിലൂടെ ഇടത്തരക്കാരും സർക്കാർ ഉദ്യോഗസ്ഥരും ഏറ്റവും കൂടുതലുള്ള സംസ്ഥാനം എന്ന നിലയിൽ കേരളത്തിലായിരിക്കും ഏറ്റവും വലിയ പ്രയോജനം ലഭിക്കുക.
ഇവിടെ സർവീസ് മേഖലയിൽ ആണ് ഏറ്റവും കൂടുതൽ ആളുകൾ ബന്ധപ്പെട്ടുനിൽക്കുന്നത്. അതുകൊണ്ട് തന്നെ ടാക്സിന് പോകേണ്ട പണം വിപണിയിലെത്തിക്കാൻ സാധിക്കും.
ചെറുകിട സംരംഭകരും ചെറുകിട കച്ചവടക്കാരും അധികമുള്ള സംസ്ഥാനമായ കേരളത്തിന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിൽ വലിയ ഗുണം ലഭിക്കും. മാസത്തിൽ 5000 മുതൽ 20,000 രൂപ വരെ ലാഭിക്കാൻ മധ്യ വർഗ്ഗത്തിന് ഇതിലൂടെ സാധിക്കുമെന്നത് എടുത്തു പറയേണ്ടതാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.
ചരിത്രപരമായ പല പ്രഖ്യാപനങ്ങളും ഈ ബഡ്ജറ്റിൽ ഉണ്ട്. ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധിയെ നേരിടുമ്പോൾ നമ്മുടെ രാജ്യം അതിനെ അതിജീവിച്ച് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് സാമ്പത്തിക ശക്തികളിൽ ഒന്നായി മാറാനുള്ള വലിയൊരു കുതിച്ചുചാട്ടത്തിന്റെ സൂചന നിൽക്കുകയാണ്.
സംസ്ഥാനത്തെ ഡിഎ കുടിശ്ശിക 19 ശതമാനത്തിൽ നിൽക്കുമ്പോൾ കേന്ദ്രസർക്കാർ നിലപാട് സർക്കാർ ഉദ്യോഗസ്ഥർക്ക് ആശ്വാസമാവുകയാണ്. പുതിയ ശമ്പള കമ്മീഷൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. വളരെ അനുകൂലമായ നടപടിയാണിത്. എംഎസ്എംഇയുടെ ഈടില്ലാത്ത വായ്പ്പാ പരിധി ഒരു കോടിയിൽ നിന്നും അഞ്ചു കോടിയായി വർധിപ്പിച്ചിരിക്കുകയാണ്. ചെറുകിട സംരഭകർക്ക് വലിയ അവസരമാണ് ഇതിലൂടെ എത്തുന്നത്. സ്റ്റാർട്ടപ്പ് വായ്പ 10 കോടി ആക്കിയിരിക്കുകയാണ്. ഇത് യുവാക്കളുടെ ജീവിതത്തിന് ഏറെ പ്രതീക്ഷ പകരുന്നതാണ്.
കാർഷിക മേഖലയ്ക്ക് ഏറെ ഊന്നൽ നൽകിയ ബഡ്ജറ്റാണ് കേന്ദ്രധനകാര്യമന്ത്രി അവതരിപ്പിച്ചത്.
വിള ഇൻഷുറൻസിന്റെ പരിധി വർധിപ്പിച്ചിരിക്കുന്നു. കാർഷിക വായ്പ സഹായങ്ങൾ വർധിപ്പിച്ചു. മത്സ്യബന്ധന മേഖലയിൽ ഉണ്ടായ പുതിയ പ്രഖ്യാപനങ്ങൾ ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നതും കേരളത്തിലാണ്. ഇത്രയൊക്കെയായിട്ടും കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വ്യാജപ്രചരണങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.