ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജാമ്യം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹർജി പരിഗണിക്കുന്നത് ജൂണ്‍ ഏഴിനേക്ക് മാറ്റി. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് ഹർജി പരിഗണിച്ചത്. ഇതോടെ നാളെ തന്നെ കെജ്രിവാളിന് തിഹാര്‍ ജയിലിലേക്ക് മടങ്ങേണ്ടിവരും.
തെരഞ്ഞെടുപ്പു പ്രചാരണത്തിനായി മേയ് പത്തിനാണ് സുപ്രിംകോടതി കെജ്‌രിവാളിന് ഇടക്കാലജാമ്യം അനുവദിച്ചത്. ഒരാഴ്ചത്തേക്ക് കൂടി ജാമ്യം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ സ്വീകരിക്കാന്‍ സുപ്രിംകോടതി വിസ്സമതിച്ചതിനെതുടര്‍ന്ന് വിചാരണകോടതിയെ സമീപിക്കുകയായിരുന്നു. സ്ഥിരം ജാമ്യത്തിനായി വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കണമെന്ന് സുപ്രുംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് കെജ് രിവാള്‍ വിചാരണ കോടതിയെ സമീപിച്ചത്.
ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു കെജ്‌രിവാള്‍ അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ കെജ് രിവാളിന്റെ അപേക്ഷയെ ഇ.ഡി എതിര്‍ത്തു. ആരോഗ്യം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അദ്ദേഹം വസ്തുതകള്‍ മറച്ചുവയ്ക്കുന്നുവെന്നും തെറ്റായ പ്രസ്താവനകള്‍ നടത്തുന്നുവെന്നും ഇ.ഡി.ക്കുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ അറിയിച്ചു.