കോഴിക്കോട്: 80 വയസ് പിന്നിട്ട സ്വതന്ത്ര ചിന്തകൻ കാപ്പാട് അബ്ദുൽ അലി മാസ്റ്റരെ കോഴിക്കോട് പൗരാവലി ആദരിക്കുന്നു. മാർച്ച് ഒന്നിന് വൈകീട്ട് നാലിന് കോഴിക്കോട് ടൗൺഹാളിലാണ് ചടങ്ങ്. 1943 ജനുവരി ആറിന് കോഴിക്കോട്ടെ പ്രശസ്തമായ പണ്ഡിത കുടുംബത്തിലായിരുന്നു മാസ്റ്ററുടെ ജനനം. കാപ്പാട്ടെ ഖാസി ബീരാൻ കുട്ടി മുസ്ലിയാരുടെ പേരക്കുട്ടിയും വടക്കേതിൽ മമ്മിക്കുട്ടി മുസ്ലിയാരുടെ മകനുമായ അദ്ദേഹം, ചെറുപ്പത്തിലേ മത പഠനം തുടങ്ങിയിരുന്നു. ദീർഘകാലത്തെ ദർസ് പഠനം ഇസ്ലാമിക നിയമങ്ങളിൽ അദ്ദേഹത്തിന് അഗാധമായ പാണ്ഡിത്യം നൽകി. എന്നാൽ, 1970-ൽ സഹഅധ്യാപകനായ ഇ ശങ്കരനുമായുണ്ടായ സൗഹൃദം അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായി. മതം അന്ധമായി വിശ്വസിക്കേണ്ട ഒന്നല്ലെന്നും അത് യുക്തിപൂർവ്വം വിശകലനം ചെയ്യപ്പെടേണ്ടതാണെന്നുമുള്ള തിരിച്ചറിവ് അദ്ദേഹത്തെ ഒരു സജീവ സ്വതന്ത്രചിന്തകനാക്കി മാറ്റി.
ഇസ്ലാമിക അനന്തരാവകാശ നിയമത്തിലെ ഗണിതശാസ്ത്രപരമായ വൈരുദ്ധ്യങ്ങളെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയ അദ്ദേഹം, നിയമങ്ങൾ പലതും സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റപ്പെട്ട മനുഷ്യനിർമ്മിതമായ വ്യവസ്ഥകളാണെന്ന് സ്ഥാപിച്ചു. ‘അസബ’ പോലുള്ള നിയമങ്ങൾക്കെതിരെ അദ്ദേഹം ഉയർത്തിയ ശബ്ദം ലിംഗനീതിക്കായുള്ള പോരാട്ടത്തിലെ പ്രധാന നാഴികക്കല്ലാണ്. ‘മുസ്ലിം പിന്തുടർച്ചാവകാശ നിയമം: ഒരു സമഗ്രപഠനം’, ‘ശരീഅത്ത് നിയമങ്ങൾ മാറ്റേണ്ടതെന്തുകൊണ്ട്’, ‘ന്യൂനപക്ഷാവകാശവും വ്യക്തിനിയമവും മുസ്ലിംകൾക്ക് ഹാനികരം’ തുടങ്ങിയ പുസ്തങ്ങളും അദ്ദേഹം രചിച്ചു.
കേവലം ഒരു പണ്ഡിതൻ എന്നതിനപ്പുറം, ആർക്കും എപ്പോഴും സമീപിക്കാവുന്ന ഒരു വലിയ മനുഷ്യസ്നേഹി കൂടിയാണ് മാസ്റ്റർ. സങ്കീർണ്ണമായ നിയമവശങ്ങൾ ലളിതമായി വിശദീകരിച്ചു നൽകുന്നതിൽ അദ്ദേഹം എന്നും സന്നദ്ധനാണ്. കോടികളുടെ സ്വത്തുകേസുകളിൽ സുപ്രീംകോടതിയിൽവരെ റഫറൻസായി വന്നത് മുസ്ലീം പിന്തുടർച്ചാവകാശം സംബന്ധിച്ച അലിമാഷിന്റെ പുസ്തകമാണ്. ആദരിക്കൽ ചടങ്ങിൽ പ്രെഫസർ ടി ജെ ജോസഫ്, എം എൻ കാരശ്ശേരി, ഹമീദ് ചേന്ദമംഗല്ലൂർ, ഇ എ ജബ്ബാർ, ആരിഫ്ഹുസൈൻ തെരുവത്ത്, എ പി അഹമ്മദ്, അഡ്വ അനിൽകുമാർ, ജാമിദ ടീച്ചർ, സുലൈമാൻ പെരിങ്ങത്തൂർ, റഫീഖ് മംഗലശ്ശേരി, യാസിൻ ഒമർ, ഹസീന മണ്ണടി, ജാഫർ ചളിക്കോട് തുടങ്ങിയവർ സംബന്ധിക്കും.










