LatestLocal News

ബൈക്കിലെത്തി വയോധികയുടെ പണവും മൊബൈൽ ഫോണുമടങ്ങിയ കവർ തട്ടിപ്പറിച്ചു രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ


റഫീഖ് തോട്ടുമുക്കം

കാക്കൂർ: കണ്ണങ്കര മനോജ്‌ ഇൻഡസ്ട്രിസിനു മുൻവശത്തു വെച്ചു വയോധികയുടെ പണവും മൊബൈൽ ഫോണും തൊഴിലുറപ്പ് കാർഡുകളുമുൾപ്പെട്ട കവർ ബൈക്കിലെത്തി തട്ടിപ്പറിച്ചു കടന്നു കളഞ്ഞ പ്രതി ചേളന്നൂർ കണ്ണങ്കര സ്വദേശി തൊണ്ടിപ്പറമ്പത്ത് നയീമുദ്ധീൻ കാക്കൂർ പോലീസിന്റെ പിടിയിലായി. കഴിഞ്ഞ മാസം ഇരുപത്തി മൂന്നാം തീയതി വൈകുന്നേരം തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ചേളന്നൂർ പഞ്ചായത്തോഫീസിൽ പോയി മടങ്ങി വരികയായിരുന്ന വയോധികയുടെ കയ്യിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും രേഖകളുമടങ്ങിയ കവർ പിറകിലൂടെ ബൈക്കിലെത്തിയ പ്രതി തട്ടിപ്പറിച്ചു കടന്നുകളയുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് കാക്കൂർ പോലീസ് ഉടനടി കേസ് രജിസ്റ്റര്‍ ചെയ്ത് സംഭവസ്ഥലത്തെയും പരിസരങ്ങളിലെയും അമ്പതോളം സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചും സംഭവം കണ്ട് പ്രതിയെ ബുള്ളറ്റിൽ സാഹസികമായി പിന്തുടര്‍ന്ന ചാലിൽ താഴം സ്വദേശി ഷിബിൻ നൽകിയ നിർണായക വിവരങ്ങളും ശേഖരിച്ച് കാക്കൂര്‍ പോലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് സംഭവം നടന്നു ഒരാഴ്ചക്കുള്ളിൽ പ്രതി വലയിലായത്. വിശദമായ അന്വേഷണത്തിൽ പ്രതി വന്നത് ഹീറോ ഹോണ്ട പാഷൻ പ്രൊ മോട്ടോർ സൈക്കിളിലാണെന്നും, കുറ്റകൃത്യം ചെയ്ത സമയത്ത് പ്രതി ധരിച്ചത് മഞ്ഞ നിറത്തില്‍ ഉള്ള ഫുള്‍ സ്ലീവ് ടി-ഷര്‍ട്ട് ആണെന്നും, വെള്ള സോളോട് കൂടിയ ഷൂ ആണെന്നും കൂടാതെ പ്രതി രക്ഷപ്പെട്ട വഴി പരിശോധിച്ചതില്‍ നിന്നും പ്രതി സ്ഥലത്തെ ഊടുവഴികള്‍ അറിയാവുന്ന നാട്ടുകാരന്‍ ആണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടർന്ന് മേല്‍ വിവരങ്ങള്‍ അടിസ്ഥാനമാക്കി സ്ഥലത്തെ നൂറോളം വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പഴുതടച്ച അന്വേഷണത്തില്‍ നിന്നും പ്രതിയെ തിരിച്ചറിയുകയും, കഴിഞ്ഞ രണ്ടു ദിവസമായി പോലീസ് സംഘം നിരീക്ഷിച്ചു വരുന്നതിനിടെ വ്യാഴാഴ്ച ഉച്ചയോടെ ചേളന്നൂർ അഞ്ചാം വളവിൽ വെച്ച് കാക്കൂർ പോലീസിന്റെ നേതൃത്വത്തിൽ പ്രതിയെ മോട്ടോർ സൈക്കിൾ സഹിതം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് വിശദമായി ചോദ്യം ചെയ്തതിൽ നിന്നും ലഹരിക്കടിമയായ പ്രതി കുറ്റം സമ്മതിക്കുകയും പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ പ്രതി വായോധികയിൽ നിന്നും തട്ടിപ്പറിച്ച തൊഴിൽ കർഡുകളും രേഖകളും പെഴ്സും ആധാര്‍ കാര്‍ഡും അടങ്ങിയ കവര്‍ ഇച്ചന്നൂര്‍ എ.യു.പി സ്കൂളിന് സമീപത്തുള്ള വയലില്‍ നിന്നും കണ്ടെടുത്തു. കൂടാതെ പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ച പ്രതി കുറ്റകൃത്യം ചെയ്യുന്ന സമയം ധരിച്ചിരുന്ന ടി – ഷര്‍ട്ട്, ഷൂ എന്നിവ പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. വയോധികയുടെ മൊബൈല്‍ ഫോണ്‍ കോഴിക്കോട് മാവൂർ റോഡിലെ മൊബൈൽ ഷോപ്പിൽ വിറ്റതായും പ്രതി സമ്മതിച്ചു. കാക്കൂർ ഇൻസ്‌പെക്ടർ ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ കാക്കൂർ സബ് ഇൻസ്‌പെക്ടർ രാജൻ കെ കെ, താമരശ്ശേരി ഡി വൈ എസ് പി യുടെ ക്രൈം സ്ക്വാഡിലെ സബ് ഇൻസ്‌പെക്ടർ ബിജു, കാക്കൂർ സ്റ്റേഷനിലെ എസ് സി പി ഒ മുഹമ്മദ്‌ റിയാസ്, സി.പി.ഒ സുബീഷ്ജിത് എന്നിവരാണ് ഉണ്ടായിരുന്നത്. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.


Reporter
the authorReporter

Leave a Reply