കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ തീരുമാനം പിന്‍തുടര്‍ന്ന് ഭൂരിഭാഗം സംസ്ഥാനങ്ങളും പെട്രാള്‍-ഡീസല്‍ നികുതി കുറച്ചപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നികുതി കുറക്കാതെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പെട്രാള്‍-ഡീസല്‍ നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കോഴിക്കോട് മുതലക്കുളത്ത് നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക പ്രതിസന്ധിയാണ് നികുതി കുറക്കാത്തതിന് കാരണമായി പറയുന്നത്. മദ്യവും ലോട്ടറിയും മാത്രമാണ് വരുമാനമാര്‍ഗ്ഗമായി കേരള സര്‍ക്കാര്‍ കാണുന്നത്. സാധാരണക്കാരന്റെ നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം അനുദിനം വില വര്‍ദ്ധിക്കുകയാണ്. പെട്രോള്‍ വിലവര്‍ദ്ധനവ് എല്ലാത്തിനും വില കയറാന്‍ കാരണമാകുമെന്ന് പറഞ്ഞ് സമരം ചെയ്ത ഇടത് മുന്നണി ഭരണത്തിലെത്തിയപ്പോള്‍ നികുതി കുറയ്ക്കാതെ ജനങ്ങളോട് പുറം തിരിഞ്ഞ് നില്‍ക്കുകയാണ്. ഓട്ടോ തൊഴിലാളികളെയും ഇരു ചക്രവാഹന യാത്രക്കാരെയും അവഗണിക്കുന്ന പിണറായി സര്‍ക്കാര്‍ ഏത് വിഭാഗത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ മാസം തോറും നല്‍കുന്ന ആയിരക്കണക്കിന് കോടി രൂപയുടെ ഗ്രാന്റും വായ്പയും ഉപയോഗിച്ചാണ് കേരളം മുന്നോട്ട് പോകുന്നത്. എന്നാല്‍ ഈ തുകകളെല്ലാം ദുരുപയോഗം ചെയ്യുകയാണ്. കറന്റ് ചാര്‍ജും ബസ് ചാര്‍ജും വര്‍ദ്ധിപ്പിച്ച് ജനങ്ങളുടെ മേല്‍ അധിക ഭാരം കെട്ടിവച്ച് ദുരിതത്തിലാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാവപ്പെട്ടവര്‍ക്ക് ഒരു ഗുണവും ഇല്ലാത്ത പാര്‍ട്ടിയായി സിപിഎം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്മര്‍ദ്ദ ശക്തികളുടെ ഇടപെടലാണ്
പിണറായിയുടെ തീരുമാനങ്ങള്‍ക്കാധാരം
കോഴിക്കോട്: സമ്മര്‍ദ്ദ ശക്തികളുടെ ഇടപെടലാണ് പിണറായി വിജയന്റെ എല്ലാ തീരുമാനങ്ങളിലും കാണുന്നതെന്ന് കെ. സുരേന്ദ്രന്‍. വര്‍ഗീയ ശക്തികളുടെ താല്‍പര്യം മുന്‍നിര്‍ത്തി വോട്ടുബാങ്ക് ലക്ഷ്യംവെച്ചാണ് കേരള സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. തലശ്ശേരിയില്‍ ബിജെപിക്കാരെ അറസ്റ്റ് ചെയ്തപ്പോള്‍ കൊച്ചുകുട്ടികളുടെ മേല്‍ ഭീകരവാദികള്‍ ബാബറി ബാഡ്ജ് കുത്തിയത് കണ്ടില്ലെന്ന് നടിക്കുകയാണ്. താലിബാന്‍ മോഡലാണ് എല്‍ഡിഎഫ് സര്‍ക്കാരിന് സ്വീകാര്യം. ശബരിമലയില്‍ ഹിന്ദുവിനെതിരെ നിലകൊണ്ടപ്പോള്‍ വഖഫ് വിഷയത്തില്‍ മുസ്ലീം ലീഗ് അടക്കമുള്ള വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കുകയാണ്. എല്ലാ തീരുമാനങ്ങളിലും ജനങ്ങളെ വിവേചനത്തിലൂടെ കാണുന്ന പിണറായി സര്‍ക്കാര്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. തീരുമാനങ്ങളില്‍ ആത്മാര്‍ത്ഥതയില്ലാതെ തൊലിക്കട്ടിയുടെ കാര്യത്തില്‍ പിണറായി വിജയന്‍ കണ്ടാമൃഗത്തെ തോല്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സൗത്ത് മണ്ഡലം പ്രസിഡൻ്റ് സി.പി.വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ,നമ്പിടി നാരാ യണൻ, കൗൺസിലർ രമ്യാ സന്തോഷ്, പ്രവീൺ ശങ്കർ, വിഷ്ണു പയ്യാനക്കൽ, സംഗീത് കെ, റഷീദ് കെ, ഒ. രാജൻ, സി.വേണുഗോപാൽ എന്നിവർ സംബന്ധിച്ചു.