Saturday, January 25, 2025
LatestPolitics

കെ എസ് യു സംസ്ഥാന പ്രസിഡണ്ടിനെതിരെ കെ.സുധാകരന്‍


കെഎസ്‍യു സംസ്ഥാന പ്രസി‍ഡന്‍റിന്‍റെ നിലപാടുകള്‍ക്കെതിരെ കെ സുധാകരന്‍ കേന്ദ്രനേതൃത്വത്തെ സമീപിച്ചു.തന്നെ അപമാനിക്കുന്ന നിലപാട് അലോഷ്യസ് സേവിയറില്‍ നിന്നുണ്ടായി എന്നാണ് പരാതി. കെഎസ്‍യു ക്യാംപിലെ കൂട്ടത്തല്ല് അന്വേഷിച്ച കെപിസിസിയുടെ അന്വേഷണ സമിതിയോട് ഇന്ന് തന്നെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.

കടുത്ത അച്ചടക്ക നടപടി വേണമെന്ന നിലപാടില്‍ അയവുവരുത്താതെ, കെഎസ്‍യു പ്രസി‍ഡന്‍റിനെ ഉന്നംവച്ചാണ് കെപിസിസി അധ്യക്ഷന്‍റെ നീക്കം. നെയ്യാര്‍ഡാമില്‍ നടന്ന പഠനക്യാംപിലേക്ക് തന്നെ ക്ഷണിക്കാതിരുന്നത് അപമാനിക്കാനാണെന്ന് കെ സുധാകരന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചു. സ്വതന്ത്ര സംഘടനയെന്ന നിലയിലാണ് കെഎസ്‍യു പ്രവര്‍ത്തിക്കുന്നത്. നാലുപേര്‍ക്കെതിരെ എടുത്ത അച്ചടക്ക നടപടി പോലും നീതിയുക്തമല്ലെന്നും പരാതിപറഞ്ഞു.

അതേസമയം കെപിസിസി അന്വേഷണ സമിതിയുടെ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ വേണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നടപടിയെടുക്കേണ്ട നേതാക്കളുടെ പട്ടികസഹിതമാവും എംഎം നസീറിന്‍റെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്‍ട്ട് നല്‍കുക. അലോഷ്യസ് സേവിയര്‍ പ്രതികാരപൂര്‍വം പെരുമാറിയെന്ന് സസ്പെന്‍ഷനിലായ സുധാകര പക്ഷക്കാരനായ കെഎസ് യു സംസ്ഥാന ജനറല്‍സെക്രട്ടറി പറഞ്ഞു

ക്യാംപ് നടത്തിപ്പില്‍ ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കെപിസിസി അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാവും അച്ചടക്കനടപടിക്ക് എന്‍എസ്‍യുവിനോട് കെപിസിസി അധ്യക്ഷന്‍ ശുപാര്‍ശ ചെയ്യുക. എന്നാല്‍ തന്‍റെ അനുയായിയായ സംസ്ഥാന അധ്യക്ഷനെ സംരക്ഷിക്കുമെന്ന നിലപാടിലാണ് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കെഎസ് യുവിന്‍റെ പേരിലും കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും തമ്മിലെ പോര് മുറുകുന്ന സ്ഥിതിയാണ്


Reporter
the authorReporter

Leave a Reply