General

കെ.എ. റഹ്‌മാന്‍ അവാര്‍ഡ് റൂഹിക്ക് സമ്മാനിച്ചു

Nano News

കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.എ. റഹ്‌മാന്‍ സ്മാരക അവാര്‍ഡ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പരിസ്ഥിതി പ്രവര്‍ത്തക ആറു വയസുകാരി റൂഹി മൊഹ്‌സബിന് സമ്മാനിച്ചു. മലപ്പുറത്ത് നടന്ന മാധവ് ഗാഡ്ഗില്‍ അനുസ്മരണ ചടങ്ങില്‍ മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി മുനവറലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് നല്‍കി.

കെ.എ. റഹ്‌മാന്‍ വാഴക്കാടിന്റെ സ്മരണക്കായി ലീഗ് ഫോര്‍ എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
പരിസ്ഥിതി പ്രവര്‍ത്തനം മനുഷ്യ സംസ്‌കാരത്തിന്റെ ഭാഗമാക്കണമെന്നും ശബ്ദ മലിനീകരണവും വായു മലിനീകരണവും ജല മലിനീകരണവും ഒരുപോലെ നാടിന് ആപത്താണെന്നും അത് മാനവരാശിയെ നശിപ്പിക്കുമെന്നും മുനവറലി പറഞ്ഞു.

ചടങ്ങില്‍ ലീഗ് ഫോര്‍ എണ്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എന്‍ എ ഖാദര്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി സലീം കുരുവമ്പലം സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാര്‍ ഹാജി, ഭാരവാഹികളായ ഫൈസല്‍ കുന്നുംപറമ്പില്‍, എം ടി ജബ്ബാര്‍, ഡോ. ആബിദ ഫാറൂഖി, ഡോ. അബ്ദുല്‍ സലാം, ഡോ. സൈനുല്‍ ആബിദ്, എ എം അബൂബക്കര്‍, ടി കെ ഗഫൂര്‍, ഹുസൈന്‍, വനിത ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സക്കീന പുല്‍പ്പാടന്‍, ലീഗ് ഫോര്‍ എണ്‍വയോണ്‍മെന്റല്‍ ജില്ലാ പ്രസിഡന്റ് അഡ്വ. ഹനീഫ പെരിഞ്ചീരി, ജില്ലാ ജനറല്‍ കണ്‍വീനര്‍ കെ എന്‍ ഷാനവാസ, സലീം കരുവമ്പലം എന്നിവര്‍ സംസാരിച്ചു.

പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ജനം ചിന്തിച്ചു തുടങ്ങിയിട്ടില്ലാത്ത കാലത്ത് മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് മലിനപ്പെടുത്തിയ ചാലിയാറിനെ രക്ഷിക്കാന്‍ ചാലിയാര്‍ സംരക്ഷണ സമിതി രൂപീകരിച്ച് പോരാട്ടം നയിച്ച വ്യക്തിയാണ് കെ.എ. റഹ്‌മാന്‍. വെള്ളത്തില്‍ കലര്‍ന്ന രാസ വസ്തുക്കള്‍ ചാലിയാറിന്റെ തീരത്ത് വസിച്ചിരുന്ന ഒട്ടേറെ പേര്‍ക്ക് അര്‍ബുദം സമ്മാനിച്ചു. അര്‍ബുദം പിടിപെട്ട് തന്നെയായിരുന്നു കെ.എ. റഹ്‌മാന്റെയും മരണവും.

കുരുന്നിലേ ഒട്ടേറെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധേയയാണ് റൂഹി മൊഹ്‌സബ്. പ്രകൃതി സംരക്ഷണ സന്ദേശം പകരുന്നതിനായി പാസ്പോര്‍ട്ടുകള്‍ റീ സൈക്കിള്‍ഡ് പേപ്പറില്‍ പ്രിന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയുള്‍പ്പെടെ ലോക രാഷ്ട്രത്തലവന്‍മാര്‍ക്ക് സ്വന്തം കൈപ്പടയിലെഴുതിയ കത്തയച്ചായിരുന്നു തുടക്കം. ് വയനാടിനെ നടുക്കിയ പുത്തുമല ദുരന്തത്തില്‍ തകര്‍ന്ന പ്രദേശത്ത് മണ്ണിടിച്ചില്‍ തടയുന്നതിനായി ആല്‍, നീര്‍മരുത്, താന്നി എന്നീ വൃക്ഷങ്ങളുടെ തൈകള്‍ നട്ടും റൂഹി മാതൃകയായിട്ടുണ്ട്. കേരളം മുതല്‍ കാശ്മീര്‍ വരെയുള്ള 10,000 വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തെരഞ്ഞെടുത്ത് ഓരോ വിദ്യാലയത്തിന്റേയും നേതൃത്വത്തില്‍ 1000 വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കുന്ന ട്രീ ബാങ്ക് നഴ്‌സറി പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഇപ്പോള്‍ റൂഹി മൊഹ്സബ്.

 


Reporter
the authorReporter

Leave a Reply