Saturday, November 23, 2024
Local News

മഴക്കുഴി എടുക്കുന്നതിനിടെ കുടം; ബോംബെന്ന് കരുതി വലിച്ചെറിഞ്ഞു, പക്ഷേ ഉള്ളിൽ നിറയെ സ്വർണാഭരണങ്ങൾ


കണ്ണൂരിൽ മഴക്കുഴിയെടുക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിധിയെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി. 17 മുത്തുമണികൾ,13 സ്വർണ പതക്കങ്ങൾ, അഞ്ച് മോതിരങ്ങൾ, ഒരു സെറ്റ് കമ്മൽ, കാശി മാലയുടെ ഭാഗമായ നാല് പതക്കങ്ങൾ, വെള്ളിനാണയങ്ങൾ എന്നിവയാണ് ലഭിച്ചത്. പൊലിസ് കോടതിയിൽ ഹാജരാക്കിയ നിധി പുരാവസ്തുവകുപ്പ് പരിശോധിച്ച് വരികയാണ്. കണ്ണൂർ ചെങ്ങളായിയിലാണ് സംഭവം.

പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ മഴക്കുഴി എടുക്കുകയായിരുന്നു തൊഴിലുറപ്പ് തൊഴിലാളികൾ. ഇതിനിടയിലാണ് ഒരു പാത്രം ലഭിച്ചത്. എന്നാൽ അടുത്തിടെ ഇത്തരത്തിൽ ലഭിച്ച പാത്രം തുറന്ന് ബോംബ് പൊട്ടിയ സംഭവം ഓർമ്മയിലുള്ളതിനാൽ ഇവർ ഇത് ദൂരേക്ക് വലിച്ചെറിയുകയായിരുന്നു. എന്നാൽ ഏറിൽ പാത്രം പൊട്ടിയപ്പോഴാണ് ഉള്ളിലുള്ള വസ്തുക്കൾ പുറത്തേക്ക് എത്തിയത്. ഇതിലാണ് സ്വർണമെന്ന് തോന്നിക്കുന്ന പതക്കങ്ങളും ആഭരണങ്ങളും വെള്ളിനാണയങ്ങളും എല്ലാം ഉണ്ടായിരുന്നത്. 18 പേരടങ്ങിയ തൊഴിലുറപ്പ് തൊഴിലാളികൾ ഉടൻ സംഭവം പഞ്ചായത്ത് അധികൃതരെ അറിയിക്കുകയായിരുന്നു.

പഞ്ചായത്ത് പിന്നീട് പൊലിസിനെ അറിയിക്കുകയും പൊലിസ് വസ്തുക്കൾ അടങ്ങിയ കുടം തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. വസ്തുക്കൾ യഥാർഥ സ്വർണമാണോ അതോ സ്വർണം പൂശിയതാണോ എന്നും സംശയമുണ്ട്. കോടതി പുരാവസ്തു വകുപ്പിന് കൈമാറിയ വസ്തുക്കൾ പരിശോധിച്ച് വരികയാണ്.


Reporter
the authorReporter

Leave a Reply