Saturday, November 23, 2024
Local News

3000 വീട്ടുകാർക്ക് കുടിവെള്ളം മുടങ്ങിയിട്ട് രണ്ടാഴ്ച


ഫറോക്ക്: റെയിൽവേ ലൈനിന്റെ പടിഞ്ഞാറു ഭാഗത്തു താമസിക്കുന്ന 3000ത്തോളം വീട്ടുകാർക്ക് കുടിവെള്ളം ലഭിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടു. വൈദ്യുതി ബന്ധം തകരാറായതിനെ തുടർന്നും പമ്പ് ഓപറേറ്റർക്ക് ശമ്പളം മുടങ്ങിയതുമാണ് വെസ്റ്റ‌് നല്ലൂർ പദ്ധതിയിൽ വെള്ളം ലഭിക്കാത്തതിനു കാരണമെന്നാണ് വിവരം. ദിവസം നാലു ലക്ഷം ലിറ്റർ വെള്ളമാണ് ഈ പദ്ധതിയിലൂടെ വിതരണം ചെയ്തിരുന്നത്. 200 പൊതുടാപ്പുകളും 3000ത്തിലധികം വീട്ടുകാരുമടക്കം 10,000ത്തിലധികം ഗുണഭോക്താക്കളുമുണ്ട്.

സ്വന്തമായി കിണറില്ലാത്ത പുഴയോര മേഖലയിൽ താമസിക്കുന്ന കുടുംബങ്ങളാണ് ദുരിതത്തിലായത്. നഗരസഭ 1, 30, 31, 32, 33, 34, 35, 36, 37, 38 ഡിവിഷനുകളിലെ കുടുംബങ്ങൾ ആശ്രയിക്കുന്ന ജലപദ്ധതിയിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത് എ.പി റോഡിലെ കിണറിൽ നിന്നാണ്. വെസ്റ്റ‌് നല്ലൂർ സംഭരണിയിൽ എത്തിച്ചാണ് വിതരണം.

വാട്ടർ അതോറിറ്റിക്കു കീഴിലായിരുന്ന പദ്ധതി 2001ൽ നഗരസഭ ഏറ്റെടുത്തു. അതേസമയം, പദ്ധതിക്ക് ആവർത്തന ചെലവ് വരുമ്പോൾ ഗുണഭോക്തൃ വിഹിതമായി ഫണ്ട് കണ്ടെത്തണമെന്നും നഗരസഭകളുടെ ഉൾപ്പെടെ പൊതുഫണ്ട് ഉപയോഗിക്കരുതെന്നും സർക്കാർ ഉത്തരവ് നിലവിലുണ്ടെന്നും നഗരസഭ ചെയർമാൻ എൻ.സി. അബ്ദുൽ റസാഖ് അറിയിച്ചു. കുടിവെള്ളം മുടങ്ങിയതിനെ തുടർന്ന് നാട്ടുകാർ ജനകീയ കമ്മിറ്റി രൂപവത്കരിച്ചു. 54 വർഷമായി സൗജന്യമായി ലഭിച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിന് ഇപ്പോൾ ഗുണഭോക്തൃവിഹിതം വേണമെന്ന് പറയുന്നത് ഉചിതമല്ലെന്ന് കമ്മിറ്റി ചെയർമാൻ പി. റസാഖും കൺവീനർ ഷംസുദ്ദീൻ മൂപ്പനും അറിയിച്ചു.


Reporter
the authorReporter

Leave a Reply