General

ഇതര സംസ്ഥാന തൊഴിലാളികൾ ഏഴ് കിലോയിലധികം കഞ്ചാവുമായി പിടിയിൽ


അടിമാലി: ഇടുക്കിയിൽ 7 കിലോഗ്രാമിലധികം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ എക്സൈസ് പിടികൂടി. ഒഡീഷ സ്വദേശികളായ നിർമ്മൽ ബിഷോയി(35), നാരായൺ ബിഷോയ് (27) എന്നിവരാണ് 7.040 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. അടിമാലി നർക്കോട്ടിക് എൻഫോഴ്സ്മെന്റ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മനൂപ് വി.പി യുടെ നേതൃത്വത്തിലാണ് ഇടുക്കിയിൽ പരിശോധന നടത്തിയത്. രാജാക്കാടുള്ള സ്വകാര്യ ഇഷ്ടിക നിർമാണ യൂണിറ്റിലെ തൊഴിലാളികളാണ് ഇരുവരും.

കഴിഞ്ഞ ദിവസമാണ് ഇവർ സ്വദേശമായ ഒഡീഷയിൽ നിന്നും ഇടുക്കിയിൽ മടങ്ങിയെത്തിയത്. പ്രദേശത്ത് വിൽക്കാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് വ്യക്തമായിട്ടുണ്ട്. നേരത്തെയും ഇവർ കഞ്ചാവ് എത്തിച്ചിട്ടുള്ളതായാണ് അധികൃതർക്ക് ലഭിക്കുന്ന വിവരം. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)മാരായ അഷ്റഫ് കെ.എം, ദിലീപ് എൻ.കെ, പ്രവന്റീവ് ഓഫീസർ ബിജു മാത്യു, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് കെ.എം, അബ്ദുൾ ലത്തീഫ് സി.എം, പ്രശാന്ത് വി, യദുവംശരാജ്, ധനീഷ് പുഷ്പചന്ദ്രൻ, സുബിൻ പി വർഗ്ഗീസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ നിതിൻ ജോണി എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.


Reporter
the authorReporter

Leave a Reply