കോഴിക്കോട് : കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ നീതി സ്റ്റോറിൽ ജോലി ചെയ്തു വരുന്ന ജീവനക്കാരന് സ്ഥിരം നിയമനം നൽകണമെന്ന ബാങ്കിന്റെ ശുപാർശ മാനുഷികപരിഗണനയോടെ അനുകൂലമായി പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സഹകരണ വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) കഴിഞ്ഞ വർഷം ജൂലൈ 4 ന് സഹകരണ വകുപ്പ് സെക്രട്ടറിക്ക് നൽകിയ ശുപാർശ അംഗീകരിക്കാനാണ് കമ്മീഷൻ നിർദ്ദേശിച്ചത്. 40 വയസ് കഴിഞ്ഞ ജീവനക്കാരന് സ്ഥിരം നിയമനം നൽകണമെങ്കിൽ പ്രായപരിധിയിൽ ഇളവ് നൽകണം. ഇതിന് കേരള സഹകരണ നിയമത്തിന് കീഴിലെ ചട്ടത്തിൽ ഇളവ് നൽകേണ്ടതുണ്ട്. ലാഭത്തിൽ പ്രവർത്തിച്ചു വരുന്ന മെഡിക്കൽ സ്റ്റോറിൽ പരിചയസമ്പന്നനായ പരാതിക്കാരന്റെ സേവനം അനിവാര്യമാണെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. കുന്ദമംഗലം സ്വദേശി അനിൽകുമാറിന്റെ പരാതിയിലാണ് നടപടി.