മലപ്പുറം: പൊന്നാനിയിൽ വീട്ടമ്മയുടെ ലൈംഗിക ആരോപണത്തിൽ ഗൂഢാലോചന ആരോപിച്ച് പരാതി നൽകി താനൂർ ഡി.വൈ.എസ്.പി വി.വി ബെന്നി. മലപ്പുറം ജില്ലാ പൊലിസ് മേധാവിക്കാണ് പരാതി നൽകിയത്. മുട്ടിൽ മരംമുറി അന്വേഷിച്ച് കുറ്റക്കാരെ അറസ്റ്റ് ചെയ്തതിലെ പ്രതികാരമായാണ് തനിക്കെതിരെ വ്യാജ കേസ് നൽകിയതെന്നാണ് ബെന്നിയുടെ പരാതി. മുട്ടിൽ മരംമുറി കേസിലെ പ്രതികളുടെ ഉടമസ്ഥതയിലുള്ള ചാനലിൽ വാർത്ത വരാൻ ഇതാണ് കാരണമെന്നും ബെന്നി പറയുന്നു. കെട്ടിച്ചമച്ച ആരോപണത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
മലപ്പുറം എസ്.പി ആയിരുന്ന സുജിത് ദാസും, സി.ഐ വിനോദും പീഡിപ്പിച്ചെന്നും ഡി.വൈ.എസ്. വി.വി ബെന്നി മോശമായി പെരുമാറിയെന്നുമായിരുന്നു യുവതി ചാനലിലൂടെ നടത്തിയ ആരോപണം. ആരോപണം പുറത്തുവന്നതിന് പിന്നാലെ വി.വി ബെന്നി ഇന്നലെ മാധ്യമങ്ങളെ കണ്ടിരുന്നു. മുട്ടിൽമരം മുറിക്കേസ് അട്ടിമറിക്കാനള്ള ചാനലിന്റെ ശ്രമമാണ് തനിക്കെതിരെ ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണത്തിന് പിന്നിലെന്നായിരുന്നു ബെന്നി പ്രതികരിച്ചത്. ആരോപണം കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ അദ്ദേഹം നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതി നൽകിയത്.
വീട്ടമ്മയുടെ ആരോപണം ചാനൽ ആസൂത്രിതമായി നൽകിയതാണെന്നും, സംഭവത്തിലെ ക്രിമിനൽ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും പരാതിയിൽ പറയുന്നു. മലപ്പുറം എസ്.പിയ്ക്ക് നൽകിയ പരാതിക്ക് പിന്നാലെ ഡി.ജി.പിക്കും ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്കും ബെന്നി പരാതി നൽകും. ആരോപണം നേരിട്ട മലപ്പുറം മുൻ എസ്.പി സുജിത് ദാസ്, സി.ഐ വിനോദ് എന്നിവരും ഇന്ന് ഡി.ജി.പിക്കും മലപ്പുറം എസ്.പിയ്ക്കും പരാതി നൽകും. സംഭവത്തിൽ, പൊലിസ് ഓഫീസേഴ്സ് അസോസിയേഷൻ കോടതിയെ സമീപിക്കുമെന്നാണ് വിവരം.
അതേസമയം, ബെന്നി ഉൾപ്പെടെയുള്ള മൂന്ന് പൊലിസുകാർക്കെതിരെ പീഡന ആരോപണം ഉന്നയിച്ച സ്ത്രീയുടെ പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലിസ് പറഞ്ഞു. ഏറെ വിവാദമായ മുട്ടിൽ മരംമുറിക്കേസിൽ പ്രതികളായ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവരെ അറസ്റ്റ് ചെയ്തത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ വി.വി ബെന്നിയുടെ നേതൃത്വത്തിലായിരുന്നു.













