കൊച്ചി: കേരളമാകെ നടന്ന കോടികളുടെ പാതി വില തട്ടിപ്പിൽ ഇഡി പ്രാഥമിക വിവര ശേഖരണം നടത്തി. തട്ടിപ്പിലൂടെ അനന്തു കൃഷ്ണൻ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയം ഉണ്ട്. കേസായതോടെ വിദേശത്തേക്ക് കടക്കാൻ അനന്തു കൃഷ്ണൻ ശ്രമിച്ചെന്ന വിവരവും പൊലീസിന് കിട്ടി. അനന്തു കൃഷ്ണനെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും.
പാതിവിലയ്ക്ക് വണ്ടിയും ഗൃഹോപകരണങ്ങളും നല്‍കാമെന്നു പറഞ്ഞ് നടത്തിയ സിഎസ്ആര്‍ തട്ടിപ്പില്‍ തൃശൂരിലും നടന്നത് വന്‍ കൊള്ള. മൂന്ന് സീഡ് സൊസൈറ്റികളില്‍ നിന്നായി അനന്ത കൃഷ്ണന്‍റെ അക്കൗണ്ടിലേക്ക് നാലുമാസത്തിനിടെ ഒഴുകിയത് ഒന്നരക്കോടി. വടക്കാഞ്ചേരിയിലും പുഴയ്ക്കലും കോണ്‍ഗ്രസ് ജന പ്രതിനിധികള്‍ നേതൃത്വം നല്‍കുന്ന സൊസൈറ്റികള്‍ തട്ടിപ്പിന് ഇരയായപ്പോള്‍ അന്തിക്കാട് സിപിഎമ്മിന്‍റെ മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും പഞ്ചായത്ത് പ്രസിഡന്‍റും നേതൃത്വം നല്‍കുന്ന സൊസൈറ്റികളാണ് തട്ടിപ്പിന് ഇരയായത്. പാതിവില തട്ടിപ്പിൽ തൃശൂരിൽ മാത്രം ഒന്നരക്കോടി രൂപയുടെ പരാതികൾ ഇതുവരെ ഉയർന്നിട്ടുണ്ട്. വടക്കാഞ്ചേരി, അന്തിക്കാട്, പുഴയ്ക്കല്‍, ഒല്ലൂക്കര എന്നിവിടങ്ങളിൽ ആണ് ഏറ്റവും അധികം തട്ടിപ്പ് നടന്നത്.